ധോണിയുടെ വര്‍ഷം ഇന്ത്യയുടെയും

WEBDUNIA|
രഞ്ജി ട്രോഫിക്ക്‌ 75 വയസ്‌
ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ്‌ ചാംപ്യന്‍ഷിപ്പായ രഞ്ജി ട്രോഫി തുടങ്ങിയിട്ട്‌ ഈ നവംബര്‍ നാലിന്‌ 75 വര്‍ഷം പൂര്‍ത്തിയായി. 1934 നവംബര്‍ നാലിനു മദ്രാസ്‌ ചെപ്പോക്ക്‌ എം. എ. ചിദംബരം സ്റ്റേഡിയത്തില്‍ ആതിഥേയരായ മദ്രാസ്‌ മൈസൂറിനെ നേരിട്ടതോടെയാണ്‌ രഞ്ജി ട്രോഫിക്കു തുടക്കമായത്‌. 1934 ജൂലൈയില്‍ നടന്ന ബിസിസിഐ യോഗത്തിലാണ്‌ ദേശീയ ചാംപ്യന്‍ഷിപ്പ്‌ എന്ന ആശയം പിറന്നത്.

ഇംഗ്ലണ്ടിന്‌ വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌
ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിനു തോല്‍പിച്ച ഇംഗ്ലണ്ട്‌ മൂന്നാം തവണയും വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ സ്വന്തമാക്കി.ന്യൂസിലന്‍ഡും ഇന്ത്യയുമാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍. നാലു വിക്കറ്റ്‌ വീഴ്ത്തിയ ഓ‍ള്‍റൗണ്ടര്‍ നിക്കി ഷായുടെ മികവില്‍ ന്യൂസിലന്‍ഡിനെ 47.2 ഓ‍വറില്‍ 166നു പുറത്താക്കിയ ഇംഗ്ലണ്ട്‌ 23 പന്ത്‌ ബാക്കിനില്‍ക്കെ ലക് ഷ്യം കണ്ടു.

സച്ചിന് 20 വയസ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി. 1989 നവംബര്‍ 17 ന് കറാച്ചിയില്‍ ടെസ്റ്റ് മത്സരത്തിലൂടെയാണ് സച്ചിന്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ടെസ്റ്റ്‌, ഏകദിനം, ട്വന്റി 20 എന്നീ വിഭാഗങ്ങളിലായി രാജ്യാന്തര ക്രിക്കറ്റില്‍ 30000 റണ്‍സ്‌ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിനും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉടമയായി. ശ്രീലങ്കയ്ക്കെതിരായ അഹമ്മദാബാദ്‌ ടെസ്റ്റിനിടെയാണ്‌ സച്ചിനെത്തേടി പുതിയ നേട്ടമെത്തിയത്‌.

ടീം ഇന്ത്യക്ക്‌ പുതിയ ജേഴ്സി
ടീം ഇന്ത്യക്ക്‌ പുതിയ ജേഴ്സി. ഇനി കടുംനീല നിറത്തിലുള്ളതാണ്‌ പുതിയ ജഴ്സി.പ്രശസ്‌ത ഫാഷന്‍ ഡിസൈനര്‍ തരുണ്‍ തഹ്‌ലിയാനിയാണു വ്യത്യസ്‌ത വര്‍ണം ടീമിനു സമ്മാനിച്ചത്‌. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണു ടീമിന്റെ ഏകദിന യൂണിഫോം മാറ്റുന്നത്‌. വെസ്റ്റിന്‍ഡീസ്‌ പര്യടനത്തിനു മുന്‍പ്‌ 2007 ഫെബ്രുവരിയിലായിരുന്നു ഇതിനു മുന്‍പു ജഴ്സി പരിഷ്കരിച്ചത്‌.

36 വര്‍ഷത്തിനുശേഷം ബ്രാബോണില്‍ ടെസ്റ്റ്‌ മല്‍സരം
മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം 36 വര്‍ഷത്തിനുശേഷം ഒരു ടെസ്റ്റ്‌ മല്‍സരത്തിന്‌ ആതിഥേയത്വം വഹിച്ചു. ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റ്‌ മല്‍സരമാണ്‌ ഇവിടെ നടന്നത്‌. 1973ല്‍ ഇന്ത്യയും ഇംഗണ്ടും ആണ്‌ അവസാനമായി ഇവിടെ ടെസ്റ്റ്‌ കളിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :