ഇന്ത്യയുടെ മീശയില്ലാത്ത ആണ്‍കുട്ടി

ജോയ്സ്

WEBDUNIA|
PTI
PTI
വിദേശ മാധ്യമങ്ങളില്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് പ്രചരിച്ചിരുന്ന വിശേഷണമാണ് ‘ഇന്ത്യയുടെ മീശയില്ലാത്ത ആണ്‍കുട്ടി’ എന്നത്. അതില്‍ അവാസ്‌തവം ഒട്ടുമുണ്ടായിരുന്നില്ല. ബാക്കിയുണ്ടായിരുന്നത് മുഴുവന്‍ ചരിത്രം കണ്ട വാസ്‌തവങ്ങളും. ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രിയായി 1966 ജനുവരി 24ന് സത്യപ്രതിജ്ഞ ഇന്ദിരാഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തതിനു ശേഷം കണ്ടത് ദൃഢനിശ്‌ചയവും ആത്‌മവിശ്വാസവും ധൈര്യവും വളയാത്ത നട്ടെല്ലുമുള്ള ശക്തയായ പ്രധാനമന്ത്രിയെ ആ‍യിരുന്നു.

ഇന്ദിരയ്‌ക്ക് മുമ്പോ ഇന്ദിരയ്‌ക്ക് ശേഷമോ ഇത്രയും ധീരയാ(നാ)യ ഒരു നേതാവിനെ ഇന്ത്യയുടെ ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്ന് തോന്നുന്നുമില്ല. കാരണം ഇന്ദിര ജനിച്ചതും വളര്‍ന്നതും രാഷ്‌ട്രീയലോകത്തിന്‍റെ മടിത്തട്ടിലായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അച്ഛന്‍റെ നാവില്‍ നിന്നും മുത്തച്‌ഛന്‍റെ നാവില്‍ നിന്നും ഇന്ത്യയുടെ പ്രിയദര്‍ശിനി കേട്ടത് മുത്തശ്ശിക്കഥകള്‍ അല്ലായിരുന്നു. പകരം, അധികാരത്തിന്‍റെ അകത്തളങ്ങളില്‍ ചൂടുപിടിച്ച ഇന്ത്യയുടെ രാഷ്‌ട്രീയ-സ്വാതന്ത്ര്യ ചര്‍ച്ചകളായിരുന്നു.

ലോകത്തിനു മുന്നില്‍ നട്ടെല്ല് വളയാതെ ഇന്ത്യ നിന്ന കാലമായിരുന്നു ഇന്ദിരയുടെ ഭരണകാലം. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും, ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും കോണ്‍ഗ്രസുകാര്‍ ഏറ്റുപാടി. അമിത ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപമായി ഇന്ദിരയെ വ്യാഖ്യാനിക്കുമ്പോഴും ഇച്ഛാശക്തിയും തന്‍റേടവും ഉണ്ടെങ്കില്‍ എങ്ങനെ ഭരണം നിര്‍വ്വഹിക്കാമെന്ന് അവര്‍ നമുക്ക് കാണിച്ചുതന്നു. അവര്‍ മാത്രമായിരുന്നു അങ്ങനെ ഭരിച്ചതും.

കോണ്‍ഗ്രസുകാര്‍ക്കിടയിലെ കേഡര്‍ മുഖമായിരുന്നു ഇന്ദിരാഗാന്ധി. അവര്‍ കൈക്കൊണ്ട സാമ്പത്തിക നയങ്ങളും ഹരിത വിപ്ലവും ഇന്ദിരയുടെ ഇടതുപക്ഷമനസ്സ് പുറത്തു കൊണ്ട് വന്നു. പഴയ നാട്ടുരാജാക്കന്മാരുടെ പ്രിവിപഴ്‌സ് നിര്‍ത്തിലാക്കിയതിലൂടെ അവര്‍ ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട പ്രിയദര്‍ശിനിയായി.

കടലാസുകളിലും വാക്കുകളിലും മാത്രമായി ഒതുങ്ങിയ ചേരിചേരാനയത്തിന് അവര്‍ പുതിയ മുഖം നല്കി. ചേരിചേരാനയത്തിന്‍റെ ശക്തയായ വക്‌താവായി ഇന്ദിര മാറി. ഇന്ദിരയ്‌ക്ക് മുമ്പോ ഇന്ദിരയ്‌ക്ക് ശേഷമോ ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാടെടുക്കാന്‍ നമുക്കൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അമേരിക്കയുടെ ഏകാധിപത്യ നിലപാടുകളോട് ഇന്ത്യയിലെ ഒരേ ‘ഒരാണ്‍കുട്ടി’ എതിര്‍ത്ത് തന്നെ നിന്നു.

1974 ല്‍ പൊഖ്‌റാനില്‍ ആണവായുധ പരീക്ഷണം നടത്തി ഇന്ത്യയെയും ഇന്ദിരയെയും അംഗീകരിക്കാന്‍ മടിച്ച അമേരിക്കന്‍ സാമ്രാജ്യത്വശക്തികളില്‍ നിന്ന് പ്രശംസയും അഭിനന്ദനവും പിടിച്ചുവാങ്ങി. എതിര്‍പ്പുകള്‍ വകവയ്ക്കാതെ അവര്‍ ബാങ്കുകളെ ദേശസാത്കരിച്ചു. ടാറ്റയും ബിര്‍ളയും അടങ്ങുന്ന വന്‍ ബിസിനസ്സുകാര്‍ കൈയടിക്കിവെച്ചിരുന്ന സ്വകാര്യ ബാങ്കുകള്‍ ഒറ്റയടിക്ക് ദേശസാല്‍ക്കരിക്കാനായിരുന്നു അവരുടെ തീരുമാനം.

അടുത്ത പേജില്‍ വായിക്കുക, ‘ഇന്ദിരയുടെ കിരാതഭരണവും ജനങ്ങളുടെ മറുപടിയും’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :