ഒരു വ്യക്തിയുടെ മനോഭാവത്തിലും ആരോഗ്യത്തിലും സസ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്. സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്ന സമ്പ്രദായമാണ് ആരോമതെറാപ്പി. സസ്യങ്ങളില്‍ നിന്നെടുക്കുന്ന അവശ്യ എണ്ണകളും(എസന്‍ഷ്യല്‍ ഓയില്‍) മണം പരത്തുന്ന മറ്റ് ഉല്‍പ്പന്നങ്ങളുമാണ് ആരോമതെറാപ്പിയില്‍ ചികില്‍സയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.
മറ്റ് സസ്യ ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അവശ്യ എണ്ണകള്‍. അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്ന, ചിലപ്പോഴെങ്കിലും മറ്റ് വൈദ്യശാഖകളുമായി സംയോജിപ്പിച്ചും ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായതും ആയ ചികിത്സാ പദ്ധതികൂടിയാണ് ആരോമതെറാപ്പി .
പടിഞ്ഞാറന്‍ രാജ്യങ്ങളിലാണ് ആരോമതെറാപ്പിയുടെ ഉത്ഭവം.സസ്യങ്ങളില്‍ നിന്നുള്ള എണ്ണകളും മറ്റും ഉപയോഗിക്കുന്ന ചികില്‍സാരീതി മറ്റ് രാജ്യങ്ങളിലും കാണാമെങ്കിലും അവയെല്ലാം ആരോമതെറാപ്പിയില്‍ ഉള്‍പ്പെടണമെന്നില്ല.
1920കളിലാണ് ആരോമതെറാപ്പി എന്ന വാക്ക് പ്രചാരത്തില്‍ വരുന്നത്. ഫ്രഞ്ച് രസതന്ത്രജ്ഞനായ റെനെ മോറിസ് ഗറ്റഫോസ് ആണ് ആദ്യമായി ഈ പേര് ഉപയോഗിക്കുന്നത്. സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അവശ്യ എണ്ണകള്‍ക്ക് അസുഖം ഭേദമാക്കാനുള്ള കഴിവിനെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി ജിവിതം നീക്കിവയ്ക്കുകയായിരുന്നു റെനെ.
തന്‍റെ പരീക്ഷണശാലയില്‍ ഉണ്ടായ ഒരു അപകടമാണ് സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അവശ്യ എണ്ണകളുടെ രോഗനിവാരണ ശേഷിയെ കുറിച്ച് പഠിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പരീക്ഷണ ശാലയില്‍ ഉണ്ടായ അപകടത്തില്‍ റെനെയുടെ കൈയ്ക്ക് പൊള്ളലേറ്റിരുന്നു. പൊള്ളല്‍ മൂലമുളള വേദനയില്‍ നിന്ന് രക്ഷ നേടാനായി സമീപമുണ്ടായിരുന്ന തണുത്ത വെള്ളത്തില്‍ അദ്ദേഹം കൈ മുക്കി. ഇത് സസ്യങ്ങളില്‍ നിന്ന് ഉല്പാദിപ്പിച്ച ലാവന്‍ഡര്‍ എണ്ണയായിരുന്നു.
അപ്പോള്‍ തന്നെ പൊള്ളലേറ്റ ഭാഗത്തുണ്ടായ ആശ്വാസം അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. പൊള്ളല്‍ വളരെ വേഗം തന്നെ സുഖപ്പെടുകയും ചെയ്തു. പിന്നീട് ജീന്‍ വാല്‍നറ്റ്, റെനെയുടെ ഗവേഷണം മുന്നോട്ട് കൊണ്ടു പോയി. രണ്ടാം ലോക മഹായുദ്ധത്തില്‍ പരിക്കേറ്റ ഭടന്‍മാരെ വാല്‍നറ്റ് ആരോമതെറാപ്പിയിലൂടെ ചികിത്സിക്കുകയുണ്ടായി.
യുദ്ധകാലത്ത് പരീക്ഷിച്ച് വിജയിച്ചതോടെ വന്‍ പ്രചാരമാണ് ആരോമതെറാപ്പിക്ക് പിന്നീട് ലോകമെമ്പാടും ലഭിച്ചത്.