1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓണം

സൈബര്‍ മിമിക്രി

ഓണക്കാലം ആഹ്ലാദകാ‍ലം. തമാശകളുടെയും സന്തോഷത്തിന്‍റെയും പൂക്കളങ്ങളില്‍ നിറം പകര്‍ത്താനായി ഇതാ വെബ്ദുനിയ ഒരുക്കുന്ന സൈബര്‍ മിമിക്രിയും
KBJWD
ഓണക്കാലം ആഹ്ലാദകാ‍ലം. തമാശകളുടെയും സന്തോഷത്തിന്‍റെയും പൂക്കളങ്ങളില്‍ നിറം പകര്‍ത്താനായി ഇതാ വെബ്ദുനിയ ഒരുക്കുന്ന സൈബര്‍ മിമിക്രിയും.

നരസിംഹം എന്ന പ്രശസ്തമായ ചിത്രത്തിലെ സംഭാഷണങ്ങളെ പ്രശസ്തരായ സാഹിത്യ നായകന്‍‌മാരുമായി ബന്ധിപ്പിച്ചാണ് നെറ്റിലെ ഈ മിമിക്രി ഒരുക്കിയിരിക്കുന്നത്.

FILEFILE
വി.കെ.എന്‍

ഇന്ദുചൂഢന്‍: പവിത്രാ വയ്യാ... തന്തേടെ ചാത്തമടിയന്തിരം കലാപരമായി നടത്തുക മോന്‍റെ പണ്യാണ്. പക്ഷേ നല്ല മണപ്പള്ളി മാധവന്‍ നമ്പ്യാരെന്ന നിന്‍റെ മഹാപാപി മൂപ്പരുടെ എല്ലുപൊടി ഭസ്മം ഈ പുഴയില്‍ തെന്നി വീഴണ്ട. പുഴവെള്ളം കമ്മി ബജറ്റാണ്. കളങ്കപ്പെടും. പുണ്യാത്മക്കന്‍മാര്‍ പലരും കെട്ടുപൊട്ടിച്ച് ചാടിയ പുഴയാണ്. മാധവന്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കത് തീണ്ടാപ്പാടാണ്, സ്ത്രീജന്മം പലതു കഴിഞ്ഞാലും. അതുകൊണ്ട് പോ, പോയി ചിന്നവീടിന്‍റെ മട്ടകോണിലുള്ള തെങ്ങിന് തടം വെട്ടി ഈ അനാചാരം അതിലിട്ട് മൂട്. പോ മോനേ ദിനേശാ, ദിനേശ് ബീഡാ.

പവിത്രന്‍: പകയാണല്ലേ നിനക്ക് നേരമ്പോക്ക്.

ഇന്ദുചൂഡന്‍: ചത്തതിനോട് കുടിപ്പകയില്ല, ട്ടാ. ച്ചാല്‍, അറപ്പാണ്. എന്നെ ആറ് കാലവര്‍ഷം ജീവിതവെളിച്ചം ഫ്യൂസാക്കി സെന്‍ട്രല്‍ ജയിലില്‍ നേരമ്പോക്കിനയച്ച നിന്‍റെ തന്തയെ നെഞ്ചു കീറി നൂറു മില്ലി ശ്ശ പൂശുന്ന ഒരു പകല്‍ സ്വപ്നം എനിക്കുണ്ടായിരുന്നു. പക്ഷേ കാലം സര്‍ ചാത്തൂനെ ഈ മണ്‍കുടത്തിലെ വിളക്കിലാക്കി എന്‍റെ മുന്നില്‍ കൊണ്ടു വച്ചു. പുറങ്കാലുകൊണ്ട് തൊഴിച്ച് മുപ്പത്തിരണ്ട് മൈലീസ് ദൂരെ തെറിപ്പിക്കും മുമ്പ് പോ പവിത്രാ...

FILEFILE
സുകുമാര്‍ അഴീക്കോട

ഇന്ദുചൂഡന്‍: മകനേ പവിത്രാ... അച്ഛന്‍റെ ശ്രാദ്ധമെന്നൊന്ന് ഉണ്ടല്ലോ, അത്.. സുപുത്രന്‍റെ, പുന്നാകനരകത്തില്‍ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്ന പുത്രന്‍റെ ധര്‍മ്മമാണ്. കൈവല്യമായ കര്‍ത്തവ്യമാണ്. അത്... നമ്മുടെയൊക്കെ... ജനിതകധാരയുടെ.. മന്വന്തരങ്ങളിലൂടെ നാം സ്വായത്തമാക്കിയ മഹത്തായ പാരമ്പര്യമുണ്ടല്ലോ... അതിന്‍റൈയൊരു നൈരന്തര്യമാകുന്നു. പക്ഷെ ഒന്നു മനസ്സിലാക്കുന്നതു നന്ന്. നാട്ടുകാരനും പങ്കില പാപാത്മാവുമായ മണപ്പള്ളി മാധവന്‍ നമ്പ്യാര്‍ എന്ന മാന്യദ്ദേഹം... നിന്‍റെ അച്ഛന്‍.. ആ നീച പിതാവിന്‍റെ ജാഠ്യമായ ഭൗതികാവശിഷ്ടം.... ഈ ജൈവാവശിഷ്ടം അകളങ്കമായ അക-ന്മഷമായ ആറിന്‍റെ അകങ്ങളില്‍ അര്‍പ്പിക്കരുത്. അത് മലീമസമാവും. മാലിന്യ ജടിലമാവും. നമുക്കൊക്കെ ഉണ്ടല്ലോ... ഒരു.. ഒരു ഗുരുപരന്പര.. സൂക്‍ഷ്മശരീരികളായ... അദൃശ്യരൂപികളായ ആ ഗുരു പരമ്പരകള്‍ക്കുള്ള ശ്രദ്ധാഞ്ജലികള്‍ ഏറ്റുവാങ്ങിയ ഈയുള്ളവന്... ഈ പൂഴിത്തട്ട് മാധവന്‍ നമ്പ്യാര്‍ക്ക് ജന്‍‌മങ്ങളേറെ കഴിഞ്ഞാലും ജന്‍‌മാന്തരങ്ങള്‍ കഴിഞ്ഞാലും ഏറെ അപ്രാപ്യമായ അസ്പൃശ്യമായ അകലത്താണ്.... മകനേ നീയതു കൊണ്ടുപോവുക.

പവിത്രന്‍: അപ്പോള്‍ നീയെന്നോട് പക പോക്കുകയെന്ന അവിശുദ്ധമായ പരിപാടിയാണ് കാണിക്കുന്നത്, അല്ലേ....?

ഇന്ദുചൂഡന്‍: എനിക്ക് ഒരു പകയുമില്ല. സര്‍വ്വവും ശുദ്ധമാക്കുന്ന ഈ ചുവന്നു തുടുത്ത തീനാളങ്ങളുണ്ടല്ലോ അവയില്‍ എരിഞ്ഞമര്‍ന്ന ഈ ജൈവ പിണ്ഡത്തോട് ഒരു വെറുപ്പുമില്ല. പക്ഷെ മകനേ ഒന്നുണ്ട്. നിഷേധത്തിന്‍റെയും നിരന്തരമായ നിരാസത്തിന്‍റേയും വേപഥു... നീറി നീറി നോവുന്ന സങ്കടമുണ്ടല്ലോ സങ്കടം. അതാണെനിക്ക്. സര്‍വ്വ വെളിച്ചവും കെടുത്തി പ്രകാശം അന്യമാക്കി ആറു വര്‍ഷം. ആശാസ്യമല്ലാത്ത കേന്ദ്ര കാരാഗൃഹത്തിന്‍റെ കാരിരുന്പഴിക്കു പിന്നില്‍.. അവിടത്തെ... ക്രൂരവും കുപിതവുമായ ഇരുട്ടിന്‍റെ മടിത്തട്ടിലേക്ക് എന്നെ... ഈ എന്നെ തീരെ നിസ്സാരനാക്കി .. കേവമൊരു പുല്‍ക്കൊടിപോലെ.. വലിച്ചെറിഞ്ഞു രസിച്ച നിന്‍റെ പിതാവുണ്ടല്ലോ... ആ മാന്യന്‍റെ... ബാഹ്യമായ സ്ഥൂലശരീരത്തിന്‍റെ ഓരോരോ അണുവിലും ദംഷ്ട്രയിറക്കി ചുടുചോര, ചുവന്ന ചോര കുടിക്കണമെന്നു ഈയുള്ളവന്‍റെ ഉള്‍ത്തടം തുടിക്കുകയായിരുന്നു മകനേ. അതാണെന്നെ ജീവിതത്തിന്‍റെ പ്രകാശം കിനാവുകാണിച്ചത് .ജീവിക്കാന്‍ കൊതിപ്പിച്ചത്. പക്ഷെ നമുക്കെല്ലാം അതീതമായ ഒരു ശക്തിയുണ്ടല്ലോ.. കാലം. അതയാളെ ചുരുട്ടിയൊതുക്കി ജീവിതത്തിന്‍റെ പ്രതീകമായ മണ്‍കുടത്തിലൊതുക്കി എന്‍റെ കാല്‍ക്കീഴില്‍ കൊണ്ടു വെച്ചിരിക്കുന്നു. ഞാനിത് ചവുട്ടിത്തെറിപ്പിക്കും മുമ്പ്, ചരിത്രത്തിന്‍റെ കാണാകയങ്ങളിലേക്ക് തട്ടിത്തെറിപ്പിക്കും മുമ്പ് മകനേ പവിത്രാ. പോവുക.
FILEFILE
എം.ടി. വാസുദേവന്‍ നായര്‍

ഇന്ദുചൂഡന്‍: മന്ദാ, പവിത്രാ... പുത്രനേ ചെയ്യാന്‍ കഴിയൂ അച്ഛന്‍റെ ശ്രാദ്ധം. നിന്‍റെ അച്ഛന്‍ മണപ്പള്ളി മാധവന്‍ നമ്പ്യാരെപ്പറ്റി നിനക്കെന്തറിയാം? ഇരുമ്പാണി തട്ടി മുളയാണിവെച്ച് പൊന്‍കരം കൊണ്ട് തോക്കിനു കാഞ്ചിവിളക്കാന്‍ കൊല്ലന് പതിനാറ് പണം കൊടുത്തവന്‍ മാധവന്‍. ഉണ്ട പോകാതിരുന്ന തോക്കുമായി നിന്ന വീരന്‍റെ മാറില്‍ ഉണ്ടയെറിഞ്ഞ് മാറ്റാന്‍ കൂട്ടത്തിലേയ്ക്ക് ചാടി രക്ഷപ്പെട്ടവന്‍ മാധവന്‍. ചതിയന്‍ മാധവന്‍റെ കൊടും ക്രൂരതകള്‍ പിന്നെയും ബാക്കി. നിളയുടെ ആത്മാവിലേയ്ക്ക് ഒഴുകാന്‍ മാധവന്‍റെ ചാരത്തിന് അടുത്ത ജന്‍‌മത്തിലും അനുവാദമില്ല. അറിയോ നിനക്ക്. പോകൂ... നാലുകെട്ടിന്‍റെ തിരുമുറ്റത്തുള്ള ചെന്തെങ്ങിന്‍ ചോട്ടിലിടാനേ അവയ്ക്കര്‍ഹതയുള്ളു. ദിനേശാ പോകൂ.

പവിത്രന്‍:- പകരത്തിനുപകരം ചെയ്തു പകതീര്‍ക്കാനേ നിക്കറിയൂ.. എന്നുണ്ടോ?

ഇന്ദുചൂഡന്‍: അകാലത്തില്‍ അറം പറ്റിയതിനോടും പകയോ? എന്‍റെ ജീവിതത്തിന്‍റെ സൗഭാഗ്യകാലം തടവറയുടെ ഇരുളിലടച്ച നിന്‍റെ അച്ഛന്‍റെ മരണം എന്‍റെ ആവശ്യമായിരുന്നു. ആറുവര്‍ഷം തടവറയുടെ ഇരുട്ടില്‍ ഞാന്‍ കാത്തിരുന്നതും അതിനുതന്നെ. കാലം അവനെ ഒരു കുടത്തിലടച്ചെന്‍റെ മുന്നിലെത്തിക്കുമ്പോള്‍ പുറംകാലുകൊണ്ട് തൊഴിച്ചെറിയാനേ എനിക്കു തോന്നൂ. ഞാനെന്തെങ്കിലും ചെയ്തുപോകും മുമ്പ് കടന്നു പോ അവിടുന്ന്.
FILEFILE
ഒ.വി. വിജയന്‍
ഇന്ദുചൂഡന്‍: പവിത്രാ, മകന്‍റെ ധര്‍മ്മമാണ് അച്ഛന്‍റെ ശ്രാദ്ധം. ജനിതകധാരയുടെ നിരന്തരത. പക്ഷേ മണപ്പള്ളി മാധവന്‍ നമ്പ്യാര്‍, പാപിയും നാട്ടുകാരനുമായ നിന്‍റെ പിതാവ്. അയാളുടെ ജൈവാവിഷ്ടങ്ങള്‍ ഈ പവിത്രമായ പുഴയില്‍ സമര്‍പ്പിക്കരുത്. അത് കളങ്കിതമാവും. സൂക്‍ഷ്മ രൂപികളായ ഗുരുപരമ്പരകള്‍ക്കുളള ശ്രദ്ധാഞ്ജലി ഏറ്റുവാങ്ങിയ ഈ പുഴത്തിട്ട് മാധവന്‍ നമ്പ്യാര്‍ക്ക് ജന്‍‌മാന്തരങ്ങള്‍ കഴിഞ്ഞാലും അപ്രാപ്യമായ ദൂരത്താണ്. അതുകൊണ്ട് പോകൂ... പോയി തറവാടിന്‍റെ മൂലയില്‍ സമൃദ്ധമായി നില്‍ക്കുന്ന തെങ്ങിന് തടംവെട്ടി ഈ ചാരം അതിലിട്ട് മൂടുക. പോ, പോകൂ മോനേ ദിനേശാ.

പവിത്രന്‍: നീ പകപോക്കുകയാണ്. വ്വോ?

ഇന്ദുചൂഡന്‍: എരിഞ്ഞു ശമിച്ചതിനോട് പകയല്ല. നിരാസത്തിന്‍റെ ഖേദമാണെനിക്ക്. എന്‍റെ ജീവിതം, നിര്‍ദ്ദോഷിത്തമിയന്ന എന്‍റെ ജീവിതത്തിലെ വെളിച്ചം കെടുത്തി ആറുവര്‍ഷം സെന്‍ട്രല്‍ ജയിലിലെ പ്രാചീനമായ ഇരുട്ടിലേയ്ക് നിസ്സാരമായി വലിച്ചെറിഞ്ഞ നിന്‍റെ പിതാവിന്‍റെ സ്ഥൂലപിണ്ഡത്തെ നായാടി ചോരകുടിക്കുന്ന കിനാവ് എന്‍റെ ഉള്‍ത്തടത്തിലുണ്ടായിരുന്നു. ആറുവര്‍ഷം എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ച യുക്തിയും കൗശലവും. പക്ഷേ കാലം, അയാളെ പാപത്തിന്‍റെയും യുദ്ധത്തിന്‍റെയും വ്യര്‍ത്ഥകതപോലെ ഗോത്രസംഘര്‍ഷത്തിന്‍റെ നിസ്സാരത പോലെ ഈ മണ്‍കുടത്തിലാക്കി എനിക്കു മുന്നില്‍ക്കൊണ്ടു വച്ചു. പുറങ്കാല്‍ കൊണ്ട് ഈ ജൈവപിണ്ഡം ഞാന്‍ ചരിത്രത്തിന്‍റെ നിരുന്മേഷത്തിലേയ്ക്ക് ചവിട്ടിത്തെറിപ്പിക്കും മുമ്പ് പോകൂ, പവിത്രാ.
FILEFILE
കെ.പി അപ്പന്‍

ഇന്ദുചൂഡന്‍: പവിത്രാ, മകന്‍ എന്ന കലാകാരന്‍റെ ഞെട്ടിപ്പിക്കുന്ന ചരിത്രകര്‍മ്മമാണ് അച്ഛന്‍റെ ശ്രാദ്ധം. മണപ്പള്ളി മാധവന്‍ നമ്പ്യാര്‍ എന്ന അധികാരരൂപത്തിന്‍റെ അസ്ഥികലശങ്ങളും മാംസമലിഞ്ഞ ചാരവും ഈ പവിത്രനിര്‍ഝരിയില്‍ വീഴുമ്പോള്‍ അത് കളങ്കിതമായിത്തീരുന്നു. മാധവന്‍ നമ്പ്യാര്‍ എന്ന ചരിത്രത്തിന്‍റെ ബീഭത്സരൂപത്തിന് ജന്‍‌മാന്തരങ്ങള്‍ കഴിഞ്ഞാലും പ്രാപിക്കാനാവാത്ത സങ്കീര്‍ണതകളുടെ അനുഭവതലമാണത്. അതുകൊണ്ടുപോയി വീടിന്‍റെ കന്നിക്കോണില്‍ ഭൂതകാലത്തിന്‍റെ സന്യാസസാക്‍ഷ്യം പോലെ നില്‍ക്കുന്ന തെങ്ങിന്‍ചുവട്ടില്‍ ഈ ചാരമിട്ടു മൂടുക. പോ പോ മോനേ ദിനേശാ എന്നു ഞാന്‍ പറയുമ്പോള്‍ ഒറ്റപ്പെടലിന്‍റെ ദുഃസ്വപ്നഭീതിയിലേക്ക് നീ വീഴുന്നതെനിക്കറിയാം.

പവിത്രന്‍: പകപോക്കലിന്‍റെ യുക്തിരഹിതമായ വിവക്ഷകളാണ് നിന്‍റെ വാക്കുകളില്‍.

ഇന്ദു ചൂഡന്‍: മരണത്തിന്‍റെ ദൃഢാലിംഗനത്തില്‍ അകപ്പെട്ടതിനോട് പകയല്ല, വെറുപ്പിന്‍റെ രാസകേളിയാണെനിക്ക് . എന്‍റെ ജീവിതത്തിന്‍റെ പ്രകാശകാന്തി കെടുത്തി തടവറയുടെ രോഗഗ്രസ്തമായ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞ നിന്‍റെ അച്ഛന്‍റെ വക്ഷസ്സുകീറിപ്പൊളിച്ച് ചോരകുടിക്കുന്ന ഒരു മ്ലേച്ഛമായ സ്വപ്നം എനിക്കുണ്ടായിരുന്നു. ആറു വര്‍ഷം വ്യഗ്രമായ ജീവിതേച്ഛകള്‍ നല്‍കിയ ഉന്മാദകരമായ കിനാവ്. കാലപ്രവാഹം അയാളെ മണ്‍കുടത്തിലാക്കി എന്‍റെ മുന്നില്‍ സമര്‍പ്പിച്ചു. പുറങ്കാല്‍ കൊണ്ട് അതിനെ മിത്തിന്‍റെ ചരിത്രഭൂതത്തിലേക്ക് തെറുപ്പിക്കും മുമ്പ് പോ പവിത്രാ.

FILEFILE
ആഷാ മേനോന്‍

ഇന്ദു ചൂഡന്‍: ദൈവത്തിന്‍റെ സംജ്ഞ വഹിക്കുന്നഏതോ കൈശോരകര്‍മമാണ് പിതാവിനുള്ള ശ്രദ്ധാഞ്ജലി. അനശ്വരയിലേക്ക് തുറക്കുന്ന മൃത്യുവിന്‍റെ പാതയിലെ ആത്മസമര്‍പ്പണം. നിന്‍റെ പാപിയും വിവശനുമായ പിതാവ് മണപ്പള്ളി മാധവന്‍ നമ്പ്യാരുടെ മാംസത്തിന്‍റെയും ചാരത്തിന്‍റെയും ഹീനാര്‍ഘ്യങ്ങള്‍ ശുദ്ധിയാര്‍ന്ന ഈ നദിയുടെ ഉറവകളില്‍ വീഴുകയരുത്. അത് പങ്കിലപ്പെടും. ഋഷിതുല്യരായ പൂര്‍വ്വാത്മാക്കളുടെ ബലിദാനങ്ങളാല്‍ പവിത്രീകരിക്കപ്പെട്ട ഈ മണല്‍ത്തിട്ടയുടെ സുഭഗത മാധവന്‍ നമ്പ്യാരുടെ പാപിഷ്ഠതയ്ക്ക് പ്രാപ്യമല്ല. ഇനിയുമെത്രയോ ജന്മങ്ങള്‍ താണ്ടിയാലേ പ്രാചീനമായ ഈ ഉറവകള്‍ മാധവന്‍ നമ്പ്യാര്‍ക്ക് സ്പര്‍ശവേദ്യമാവൂ. അതുകൊണ്ട് ഈ ജീവന്‍റെ സ്മൃതികള്‍ വീടിന്‍റെ അഗ്നികോണില്‍ ലാവണ്യാര്‍ദ്രയായി നില്‍ക്കുന്ന തെങ്ങിന്‍തടത്തിലെ ഉര്‍വ്വരമായ പ്രാചീനശേഖരങ്ങളില്‍ സമര്‍പ്പിക്കുക. മൃഗഹത്യയുടെ തീരാവേദനയോടെ പോകൂ ദിനേശാ.

പവിത്രന്‍: പകപോക്കലിന്‍റെ ഉദാരതയില്ലാത്ത ഏതോ ജീര്‍ണസ്വരമാണ് നിന്‍റേത്.

ഇന്ദുചൂഡന്‍: മൃതമായി മറ്റേതോ കാലത്തിന്‍റെ നിഗൂഢലിപികളായിത്തീര്‍ന്നവയോട് എനിക്ക് പകയില്ല. ആസക്തികളിലൂടെയുള്ള വെറുപ്പിന്‍റെ ആവിര്‍ഭാവം മാത്രം. എന്‍റെ ജീവിതം തടവറയുടെ കനിവറ്റ ഇരുളിമയിലേക്ക് വലിച്ചെറിഞ്ഞ നിന്‍റെ പിതാവിന്‍റെ ഉരസുഭേദിക്കുന്ന ധവളിമയാര്‍ന്നൊരു സ്വപ്നം എന്‍റെ ചേതനയിലെവിടെയോ സ്പന്ദിതമായിരുന്നു. ആറു സംവത്സരങ്ങള്‍ എന്നെ സംയമിയായി ജീവിതരതിയിലൂടെ കൊണ്ടുവന്ന അനുഷ്ഠാനം. പക്ഷേ കാലം കാരുണ്യരഹിതമായി അയാളെ ഒരു മണ്‍കുടത്തിന്‍റെ ആര്‍ദ്രതയില്‍ എന്‍റെ മുന്നിലെത്തിച്ചു. പുറങ്കാല്‍കൊണ്ട് ഞാനിതു ഖേദമില്ലാതെ പ്രാചീനസ്മൃതികളിലേക്ക് തെറിപ്പിക്കും മുമ്പ് കൊണ്ടുപോകൂ.

FILEFILE
എം.കൃഷ്ണന്‍ നായര്‍

ഇന്ദുചൂഡന്‍: ജനയിതാവിന്‍റെ ശ്രാദ്ധമടിയന്തിരം( അടിയന്തരം എന്നതു തെറ്റായ പ്രയോഗം) ജീവിതധര്‍മം തന്നെയാണ്, മകന്‍റെ.അതൊരു പൈതൃകത്തുടര്‍ച്ചയുടെ നിരന്തരതയാണ് (നൈരന്തര്യം എന്നതു ശരിയായ പ്രയോഗം.)ഇടപ്പള്ളി രാഘവന്‍പിള്ള മരിച്ചു. പി.കുഞ്ഞിരാമന്‍ നായര്‍ മരിച്ചു.വൈലോപ്പിള്ളി മരിച്ചു. എല്ലാം ഭൗതിക ശരീരങ്ങളുടെ മരണം. എങ്കിലും അവര്‍ നമ്മളോടു സംസാരിക്കുന്നു. എല്ലാ സഹൃദയര്‍ക്കും മനസ്സിലാകുന്ന പദങ്ങളിലൂടെയാണ് അവര്‍ ഈ കൃത്യം അനുഷ്ഠിക്കുക. എന്നാല്‍ താങ്കളുടെ ജനയിതാവ്, എന്‍റെ മാന്യമിത്രം ശ്രീ മണപ്പള്ളി മാധവന്‍ നമ്പ്യാരുടേത് അത്തരം മരണമാണോ എന്നു സംശയമുണ്ട്, ഇതെഴുതുന്നയാളിന്. അതുകൊണ്ടു തന്നെ, അദ്ദേഹത്തിന്‍റെ ചിതാഭസ്മം ഈ പുഴയില്‍ ഒഴുക്കുക എന്നത് ജുഗുപ്സാവഹമെന്നു പറയാതെ തരമില്ല. അങ്ങനെ ചെയ്താല്‍, അത് ഈ ജീവിതം മുഴുവനും നമ്മെ ഒരു ദുര്‍ഭൂതം കണക്കെ 'ഹോണ്ട്' ചെയ്തുകൊണ്ടേയിരിക്കും. ഇതെല്ലാം കേട്ട് എന്‍റെ മാന്യ സുഹൃത്ത് മിസ്റ്റര്‍ ദിനേശന്‍ എന്നെ ഭര്‍ത്സിക്കുമോ എന്ന പേടിയുണ്ടെനിക്ക്.

പവിത്രന്‍:ആര്‍ യു ടേക്കിംഗ് അവഞ്ച്?

ഇന്ദുചൂഡന്‍: ഹംഗറിയില്‍ ജനിച്ച് ബ്രിട്ടനില്‍ പിന്നീടെത്തിയ ആര്‍തന്‍ കെസ്ലര്‍ (അര്‍തര്‍ കെസ്റ്റലര്‍ എന്നതു തെറ്റ്) ആത്മാനന്ദന കാണാനെത്തിയതും മറ്റും അദ്ദേഹത്തിന്‍റെ The Lotus and the Robot എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ടെന്നാണ് എന്‍റെ ഓര്‍മ. മിഥോളജിയെക്കുറിച്ച് ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ചു രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ ജോസഫ് കമ്പല്‍ ‍(Joseph Campbell) ആത്മാനന്ദനെ സന്ദര്‍ശിച്ചു. ആത്മാനന്ദന്‍ അദ്ദേഹത്തോടു ''താങ്കള്‍ക്ക് എന്നോട് ചോദിക്കാന്‍ ചോദ്യം വല്ലതുമുണ്ടോ?'' കമ്പല്‍ മിസ്റ്റിക്കിനോടു ചോദിച്ചു:- ''എല്ലാം ബ്രഹ്മമായതുകൊണ്ട്, എല്ലാം ഐശ്വര്യമായ തേജ-സ്സായതുകൊണ്ട് അജ്ഞതയോടും ക്രൂരതയോടും നിഷേധാത്മകമായ നിലപാട് നമുക്കെങ്ങനെ അവലംബിക്കാന്‍ പറ്റും? ആത്മാനന്ദന്‍ മറുപടി നല്‍കി:- ''താങ്കള്‍ക്കും എനിക്കും ഗണല എന്നു പറയാം. ഇതൊക്കെ വിവരച്ചതിനുശേഷം കമ്പല്‍ പറയുന്നു:- Remain radiant as Joyce put it, in the fifth of the world ‘ലോകത്തിന്‍റെ മാലിന്യത്തിനിടയ്ക്കു തേജസ്സോടുകൂടി കഴിയൂ’ .ഇതെല്ലാം തത്ത്വചിന്താപരമായി, ദാര്‍ശനികമായി ശരിയായിരിക്കാം. പ്രായോഗികതലത്തില്‍ വരുമ്പോള്‍ ശരിയുമല്ല. കൊതുകുകടിയും കൊണ്ട് ഉറങ്ങാന്‍ പറ്റുന്നില്ല. സഹിക്കാനാവാത്ത നീറ്റലും. അപ്പോള്‍ ബ്രഹ്മം ബ്രഹ്മത്തെ കടിക്കുന്നുവെന്നു പറഞ്ഞാല്‍ എന്താണതിന്‍റെ അര്‍ഥം? ജയിലില്‍ ഞാനത് ഏറെ അനുഭവിച്ചതുമാണ്.വലിയ സംഭവങ്ങളുണ്ടായാല്‍ മനുഷ്യന് അവയെ നേരിടാം. ക്ഷുദ്ര സംഭവങ്ങളെ നേരിടാന്‍ പ്രയാസമാണ്. ശക്തന്‍ സംഘട്ടനത്തിനു വന്നാല്‍ വേറൊരു ശക്തന് അയാളെ എതിര്‍ക്കാം. എന്നാല്‍ ശക്തന്‍ റോഡിലൂടെ പോകുമ്പോള്‍ ഒരു മുടന്തന്‍ പിറകേ വന്ന് അയാളുടെ പൃഷ് ഠത്തില്‍ തോണ്ടിയിട്ട് ഓടിക്കളഞ്ഞാലോ? തലസ്ഥാന നഗരിയില്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള ചവറ്റുവീപ്പകളില്‍ നിന്നു നിര്‍ഗ്ഗളിക്കുന്ന വമനേച്ഛയുളവാക്കുന്ന ദുര്‍ഗന്ധം പോലെ ജുഗുപ്സാവഹമായിരിക്കുമത്. അതുപോലെയെയുള്ളൂ മകനെ ദിനേശാ നിന്‍റെ പ്രവൃത്തികള്‍. ഇന്തനേഷയിലെ (ഇന്തോനേഷ്യ തെറ്റ്. ബഹാസ ഭാഷയില്‍ അതിന്‍റെ ഉച്ചാരണം ഏതാണ്ട് ഇതിനോട് അടുത്തുനില്‍ക്കും എങ്കിലും പൂര്‍ണമായി ശരിയോ എന്നെനിക്കറിയില്ല) നോവലിസ്റ്റ് Pramoedya Ananta Toer പറഞ്ഞതു പോലെ, ഈ കുടവും അതിനുള്ളിലെ ചാരവും ഞാന്‍ ചവിട്ടിത്തെറിപ്പിക്കും മുമ്പേ അതും കൊണ്ടു സ്ഥലം വിടു മകനെ.

(പിന്നെ, അവഞ്ച് (avenge)അല്ല റിവഞ്ച് (Revenge)ആണ് ശരി. ടേക്കിംഗ് എന്നല്ല ടേക്ക് ങ്ങ് എന്നാണ് taking എന്ന വാക്കിന്‍റെ ഏതാണ്ട് ശരിയോടടുത്ത ഉച്ചാരണം)
About Writer
WEBDUNIA