മാവേലിമന്നാ വരിക
ശ്രീകാന്ത് എം ഗിരിനാഥ്
|
മലയാളക്കരയിലേക്ക് പിന്നെയും പിന്നെയും
ഓരോ വരവിലും എന്തെന്തുവിശേഷങ്ങ-
ളോതുവാനായ് കാത്തിരിക്കുന്നു മലയാളം
പനിപിടിച്ചൊരു കേരളം, പകിടമാറ്റി രാഷ്ട്രീയ
പന്തയച്ചതുരംഗത്തില്‍ പോരാടുന്ന സഖാക്കള്‍
പെണ്ണുകേസില്‍പ്പണ്ടൊരാള്‍, ഇപ്പോള്‍ മണ്ണുകേസില്‍
പോകാനൊരുങ്ങയായ് മറ്റൊരാള്‍ കസേരയില്‍നിന്ന്
മാമലമേടുകള്‍, കായല്‍, വയലുകളൊക്കെയും
മാമൂല്‍പ്പട്ടയത്തട്ടിപ്പില്‍ കൈയ്ക്കലാക്കുന്ന കേമന്മാര്‍
തോട്ടങ്ങളിലവര്‍ വിളയിച്ച ‘കോണ്‍ക്രീറ്റ്’ വൃക്ഷങ്ങള്‍
പോരാടി വെട്ടിയൊതുക്കുന്നങ്ങയെപ്പോലൊരാള്‍
ഇപ്പോഴുമിവിടുണ്ട് വാമനന്മാ, രവരയാളോട്
ഇരക്കുന്നുണ്ട് ആ പഴയ മൂന്നടി മണ്ണ്
പക്ഷേ, അവരിന്ന് ഒന്നല്ലൊരുപാടുപേരുണ്ട്
പക്ഷഭേദമൊട്ടില്ലാതെ, ചവിട്ടിത്താഴ്ത്താന്‍
ഭരണചക്രം തിരിക്കും പാര്‍ട്ടിപ്രധാനികള്‍തന്‍
ഭരണിപ്പാട്ടു വാമൊഴി വഴക്കമെന്നുദ്ഘോഷിക്കും
നട്ടെല്ലു വളയുന്ന, വാലാട്ടുന്ന ബുദ്ധിരാക്ഷസ
രാഷ്ട്രീയഭിക്ഷാംദേഹികള്‍തന്‍ വദനസുരതതന്ത്രം
കോടികള്‍ കോടികള്‍ കോഴവാങ്ങുന്നൂ ചിലര്‍
കൊടുക്കാനൊരുങ്ങുന്നൂ നാലാളറിയുമ്പോള്‍
കുറ്റമെന്തു ഞാന്‍ ചെയ്തൂയെന്നുചോദിച്ചു
കുതിരകയറുന്നൂ വെളിച്ചത്തിനുനേരേ...
ഐ.ടി, ബി.ടി ഇത്യാദി ടെക്നോളജികള്‍ക്ക്
ഐക്യപ്പെടുന്നൊരു പുത്തന്‍ തലമുറ
കാത്തിരിപ്പുണ്ടവര്‍ സ്മാര്‍ട്ട്‌സിറ്റിയെന്ന
നാലാം ലോക കവാടം തുറക്കുന്നതുംകാത്ത്
ഇനിയുമുണ്ടേറെ വിശേഷങ്ങള്‍ പറയുവാന്‍
ഇത്രയും മാത്രം കുറിച്ചീടട്ടേ വിഭോ
അങ്ങിനിയും വരണം.... ഓര്‍മകള്‍തന്‍
മധുരസ്മരണ നിറയുന്നൊരോര്‍മയ്ക്കായ്....