പെര്‍ഫെക്റ്റ് ഓണം!

എന്‍.പി.ഹാഫിസ് മുഹമ്മദ്

WEBDUNIA|
ഓണച്ചലച്ചിത്രങ്ങളുടെ വരവ് ഓണാഘോഷത്തിന്‍റെ ഭാഗം. ഇന്നത് മെഗാ താരങ്ങളുടെ മത്സരവേള കൂടിയാണ്. ഏത് ചലച്ചിത്രങ്ങളാണ് ഓണസദ്യയുടെ ഭാഗമാവേണ്ടത് എന്ന് അവര്‍ തീരുമാനിക്കുന്നു. ടി.വി യിലൂടെ ചാനലുകള്‍ ഓണാഘോഷത്തിന് പുതുഭാഷ്യം നല്‍കുന്നു.

ഓണനാളുകളിലവര്‍ 24 മണിക്കൂര്‍ വിനോദം ഉറപ്പ് വരുത്തുന്നു. മാര്‍ക്കറ്റ് നഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളും ബിഗ് സ്‌ക്രീനിലേക്ക് കാല്‍ നീട്ടുന്ന യുവാക്കളും ചാനലില്‍ നിറഞ്ഞു തുള്ളുന്നു ഓണക്കാലത്ത്.

മദ്യം ഓണാഘോഷത്തിന്‍റെ അവിഭാജ്യ ഘടകം. ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യക്കടകള്‍ നടത്തുന്ന വില്‍പ്പന റെക്കാഡ് തിരുത്തുന്നത് ഓണക്കാലത്താണ്. ഓണത്തലേന്ന് ക്ഷമയോടെ പണമടച്ച് കൂപ്പണ്‍ വാങ്ങി മലയാളി മദ്യക്കുപ്പിക്കായി ക്യൂ നില്‍ക്കുന്നു. ഓണക്കാലത്തിനിടെ പരസ്യമായ മദ്യപാന മത്സരം കൂടി വന്നെത്തിയാല്‍ ബഹുകേമം.

ഓണാഘോഷം റെസ്റ്റാറന്‍റുകള്‍ ഏറ്റെടുത്തിരിക്കുന്നു. കാറ്ററിങ്ങുകാര്‍ക്ക് ഓര്‍ഡര്‍ കൊടുത്ത് വാഴയിലക്കും പതിനെട്ടു കൂട്ടം കറികളോടു കൂടിയ സദ്യയ്ക്കും കാത്തിരിക്കുമ്പോള്‍, തരാതരം ഓണപ്പതിപ്പുകള്‍ മറിച്ചുനോക്കാം. ഗൌരവ വായനയ്ക്കുള്ള വിഭവങ്ങളല്ല അവയേകുന്നത് എന്നതിനാല്‍ !

ഓണമുണ്ട് പുറത്തിറങ്ങിയാല്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപരിപാടികള്‍ കണ്ട് ഓണം സമ്പൂര്‍ണ്ണമാക്കാം. വിഭവങ്ങളില്‍ ഏറ്റവും മുന്തിയത് മിമിക്രി പരേഡ് ! ഓണം സ്പെഷ്യലായി നേരത്തേ വന്നിട്ടുള്ള സി.ഡി, കാസറ്റുകള്‍ മതിയാവാതെ വരുന്നവര്‍ക്ക് സ്റ്റണ്ട് ഷോ ! അട്ടം പൊട്ടിച്ചുയരുന്ന ഫ്യൂഷന്‍ മ്യൂസിക്ക്, ഫാഷന്‍ ഷോ, കലാമേളയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചപ്രളയം കണ്‍‌മിഴി ചിമിഴിനുള്ളിലൊളിപ്പിച്ച് വീട്ടിലെത്തി മതിമറന്നുറങ്ങാം, പെര്‍ഫക്റ്റ് ഓണം !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :