1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓണം

ഓണം, പല ചിന്തകള്‍

സി. സതീശന്‍ നായര്‍

തുറസ്സു സ്ഥലങ്ങളില്‍ മേയുന്ന കന്നുകാലിക്കൂട്ടങ്ങള്‍
FILEFILE
പൗരാണിക കാലം തൊട്ടേ മലയാളിയുടെ സാംസ്കാരിക നിര്‍മ്മിതിയില്‍ ഓണത്തിന് അപ്രധാനമല്ലാത്തൊരു പങ്കാണുള്ളത്. സ്വന്തമെന്ന വികാരത്തോടെ മലയാളിയെന്നും സമീപിക്കുന്ന ഉത്സവമാണ് ഓണം. ഓണത്തിന്‍റെ ആചാരനുഷ്ഠാനങ്ങള്‍ ജാതിഭേദമന്യേ പങ്കുവെക്കുന്ന നമ്മള്‍ ഏതോ അദൃശ്യമായ സാംസ്കാരികനൂലില്‍ കോര്‍ക്കപ്പെടുകയാണിവിടെ.

ലോകത്തിലെ മലയാളികളെ ഒന്നിപ്പിക്കുന്ന ഒരു ഉത്സവമായി ഓണം രൂപാന്തരം പ്രാപിച്ചത് അതിലെ ആദിമമിത്തിന്‍റെ സാന്നിധ്യത്താലും അത് നല്‍കുന്ന സാരാംശത്താലുമാകാം.

കര്‍ക്കിടകപ്പേമാരി കൊണ്ടുവരുന്ന പഞ്ഞത്തിന്‍റെയും മരണങ്ങളുടേയും കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ഋതുഭേദവുമായി ചിങ്ങമെത്തുകയായി. വരാന്‍ പോവുന്ന നല്ലകാലത്തിന്‍റെ ശുഭസൂചനകളെന്നോണം പൂക്കള്‍ തലയുയര്‍ത്താന്‍ തുടങ്ങുന്നു. തുറസ്സു സ്ഥലങ്ങളില്‍ മേയുന്ന കന്നുകാലിക്കൂട്ടങ്ങള്‍, പാറി നടക്കുന്ന പറവകള്‍, അത്തം തൊട്ട് പൂക്കളന്വേഷിച്ച് തൊടിയിലും ഇടവഴികളിലും അലയുന്ന ചെറുപ്രായക്കാര്‍, അങ്ങിനെ ഹൃദയദ്രവീകരണ ശക്തിയുള്ള എത്രയെത്ര ദൃശ്യങ്ങളാണ് ചിങ്ങം കൊണ്ടുവരുന്നത്.

ഐശ്വര്യത്തിന്‍റേയും സമ്പല്‍സമൃദ്ധിയുടെയും പ്രതീകമായ ഓണനാളുകള്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സംഗമസുദിനങ്ങളാണ്. പ്രാദേശികമായി ഓണച്ചിട്ടകള്‍ക്ക് ചില്ലറ വ്യതിയാനങ്ങളുണ്ടാവാം. തൂശനില, അതില്‍ വിളമ്പുന്ന പച്ചക്കറികളുടെ സമൃദ്ധമായ ചേരുവകള്‍, പിടിച്ചാല്‍കിട്ടാത്ത കാളന്‍റെ ഒഴുകിനടക്കല്‍, നാവില്‍ വെള്ളമൂറുന്ന മണത്തോടെ ഉശിരന്‍ സാമ്പാര്‍, നേന്ത്രക്കായ ഉപ്പേരി, വല്യപപ്പടം... ഇതെല്ലാം ഓണസാന്നിധ്യങ്ങളാണ്.

ഓണം മലയാളിയുടെ സംസ്കാരത്തെ എത്രത്തോളം ആവേശിച്ചിട്ടുണ്ടെന്ന് ഈ ഭാഷാപ്രയോഗങ്ങള്‍ സാക്‍ഷ്യം നല്‍കും - ഓണത്തിനു കാണാം, കഴിഞ്ഞ തിരുവോണത്തിന്‍റെ അന്നായിരുന്നു, അടുത്ത ഓണത്തിനു കണ്ടെങ്കില്‍ കണ്ടെന്നു പറയാം, എന്തൊക്കെ പറഞ്ഞാലും നിന്നെക്കാളും രണ്ടോണമെങ്കിലും ഉണ്ടിട്ടുള്ളവനാണല്ലോ ഞാന്‍, ഓണത്തിനിടയില്‍ വേണോ പുട്ടുകച്ചോടം... മനസ്സറിയാതെ നമ്മള്‍ പറഞ്ഞു പോകുന്നവയാണിവ.

എല്ലാ ഉത്സവത്തിനിടയിലും എന്ന പോലെ ഓണത്തിനിടയിലും ഉടലെടുക്കുന്ന പ്രേമബന്ധങ്ങളുണ്ട്. കൈകൊട്ടിക്കളിയിലും തുമ്പിതുള്ളലിലും പങ്കെടുക്കുന്ന കാമുകിയേയും നോക്കിനില്‍ക്കാന്‍ കാമുകന്‍‌മാര്‍ക്ക് കിട്ടുന്ന സുവര്‍ണാവസരമാണിത്. കൈക്കൊട്ടിക്കളിപ്പാട്ടിലെ ദ്വയാര്‍ത്ഥപ്രയോഗം വരുമ്പോള്‍ ഒളികണ്ണിട്ടുനോക്കുന്ന കാമുകിയുടെ ദൃശ്യം ഏത് കാമുകനാണ് മറക്കാനാവുക?

ഇന്ന് നമ്മുടെ നാട് വളരെ മാറിയിരിക്കുന്നു. തിരുവോണത്തിന് ഊണു കഴിക്കുന്നവരുടെ മുന്നിലിന്ന് ടെലിവിഷനാണുള്ളത്. പാക്കറ്റ് ചാരായം കുടിച്ച്, പുകയൂതി വിടുന്ന മഹാബലി മിമിക്രി കലാകാരന്‍റെ രൂപത്തിലെത്തി നമ്മളെ രസിപ്പിക്കുന്നു. പൂക്കളവും വടംവലിയും പോലും സമ്മാനത്തിനായാണ് ഇന്ന് നടത്തുന്നത്. ഓണത്തിന് വീട്ടിലെത്തുന്ന അതിഥിയെ ഹോട്ടലില്‍ക്കൊണ്ടുപോയി വിഭവസമൃദ്ധമായ സദ്യ കൊടുക്കുന്ന മലയാളിയുടെ പുത്തന്‍ശീലങ്ങള്‍ എങ്ങോട്ടാണ് കേരളത്തെ കൊണ്ടു പോവുന്നത്?
About Writer
WEBDUNIA