ബേനസീര്‍ 2007 ന്‍റെ ദു:ഖം

WD
പാകിസ്ഥാനില്‍ ജനാധിപത്യ പ്രക്രിയ പുന:സ്ഥാപിക്കുക തന്‍റെ കര്‍ത്തവ്യമെന്ന് കരുതിയ ബേനസീര്‍ ഭൂട്ടോ ദു:ഖത്തിന്‍റെ അടയാ‍ളങ്ങള്‍ അവശേഷിപ്പിച്ച് ഓര്‍മ്മയിലേക്ക് മടങ്ങിയത് 2007 ന്‍റെ തീരാ നഷ്ടമായി.

ഡിസംബര്‍ 27 വ്യാഴാഴ്ച സന്ധ്യയ്ക്ക് റാവല്പിണ്ടിയിലെ ലിയാഖത്ത് ബാഗിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ഭൂട്ടോയുടെ കഴുത്തിലും നെഞ്ചിലുമേറ്റ വെടിയുണ്ടകളാണ് മരണ കാരണമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പുറത്തുവിട്ട വിവരം.

എന്നാല്‍, ഇവര്‍ വെടിവയ്പ്പിനെ തുടര്‍ന്ന് ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വാഹനത്തിന്‍റെ മുകളിലത്തെ കമ്പിയില്‍ തല ഇടിച്ചാണ് മരണം സംഭവിച്ചത് എന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ വിശദീകരണം മാറ്റുകയുണ്ടായി.

1953 ജൂണ്‍ 21 ന് പാകിസ്ഥാന്‍റെ മുന്‍ പ്രധാ‍നമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടേയും നസ്രത്ത് ഭൂട്ടോയുടേയും മൂത്ത മകളായി ബെനസിര്‍ ജനിച്ചത്. 1988 ലാണ് ബെനസിര്‍ ആദ്യം പാകിസ്ഥാന്‍ പ്രധാനമന്ത്രിയാവുന്നത്.

PTI
അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് ഗുലാം ഇഷാ ഖാന്‍ ബെനസിറിനെ 20 മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കി. 1993 ല്‍ തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ ഏറിയെങ്കിലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് അന്നത്തെ പ്രസിഡന്‍റ് ഫാറൂഖ് ലെഖാരി 1996 ല്‍ വീണ്ടും ബെനസിറിനെ പുറത്താക്കുകയായിരുന്നു.

1998 ല്‍ ബെനസിര്‍ ഭൂട്ടോ ദുബായിലേക്ക് താമസം മാറ്റി. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2007 ഒക്‍ടോബര്‍ 18 ന് ഭൂട്ടോ പാകിസ്ഥാനില്‍ തിരിച്ചെത്തി. സ്വീകരണ റാലിയില്‍ കനത്ത ബോംബ് സ്ഫോടനം നടത്തിയാണ് ഭീകരര്‍ അവരെ വരവേറ്റത്. സ്ഫോടനത്തില്‍ നിന്ന് തല നാരിഴയ്ക്ക് രക്ഷപെട്ടെങ്കിലും അവരുടെ ജീവന്‍ തുലാസ്സില്‍ തന്നെയായിരുന്നു.

PTI
പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കവെ ആയിരുന്നു ബേനസീറിന്‍റെ മരണം. ആക്രമണത്തിന് ഇരയായ ബേനസീര്‍ റാവല്പിണ്ടി ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ ടേബിളില്‍ വച്ചാണ് ജീവിതമെന്ന പോരാട്ടത്തിനോട് വിട പറഞ്ഞത്.

കുടുംബ ശ്മശാനമായ തെക്കന്‍ സിന്ധിലെ ലര്‍ഖാനയിലെ ഗരി ഖുദ ബക്ഷില്‍ പിതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ഖബറിന് സമീപമാണ് ബേനസിറിനെയും ഖബറടക്കിയത്.

ഓ ബേനസീര്‍....!
PRATHAPA CHANDRAN|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :