മൂലവിഗ്രഹത്തിന്‍റെ കാല്‍ തഴുകി വരുന്ന തീര്‍ത്ഥജലം ഒരിക്കല്‍ പോലും വറ്റാറില്ല. സരസില്‍ വസിക്കുന്ന ദേവി ആയ സരസ്വതിദേവി പനച്ചിക്കാട്ട് ആ പേര് അന്വര്‍ത്ഥമാക്കുന്നു. പൂജയ്ക്കായി വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. കിണറോ മറ്റ് ജലസ്രോതസ്സുകളോ ഇല്ല.
മഹാവിഷ്ണുവും പ്രധാന പ്രതിഷ്ഠകളായി വരുന്ന ഈ ക്ഷേത്രത്തില്‍ വിഷ്ണുപാദം തഴുകുന്ന ഗംഗാനദിയെപ്പോലെ ഇവിടെയും വിഷ്ണു പാദത്തില്‍ നിന്നാണ് സരസ്വതിസവിധത്തിലേക്ക് തീര്‍ത്ഥജലം ഒഴുകിയെത്തുന്നത്.
ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്ന ക്രമത്തില്‍ ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തുന്നു. ആദ്യം വിഷ്ണുവിനെയും സരസ്വതിയെയുമാണ് തൊഴേണ്ടത്. സരസ്വതിക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത് മുകളിലായി ഇലഞ്ഞിയും ഏഴിലംപാലയും തഴച്ചുവളര്‍ന്നു നില്‍ക്കുന്നു. ഇവിടെയാണ് മൂലബിംബത്തിന് കാവലായി ഉണ്ടായിരുന്ന യക്ഷി കുടികൊള്ളുന്നത്. അടുത്ത് തന്നെ ബ്രഹ്മരക്ഷസുമുണ്ട്.