ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന സരസ്വതിക്ഷേത്രം കോട്ടയം ജില്ലയിലെ പനച്ചിക്കാട്ടാണ് സ്ഥിതിചെയ്യുന്നത്. കോട്ടയം-ചങ്ങനാശേരി റോഡില്‍ ചിങ്ങവനത്ത് നിന്ന് നാലു കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ക്ഷേത്രം.
ആദ്യം കാണുക വളരെ പഴക്കം ചെന്ന വിഷ്ണു ക്ഷേത്രമാണ്. വിഷ്ണുവിനും സരസ്വതിക്കും തുല്യപ്രാധാന്യമാണ് ഇവിടെയുള്ളത്. എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്.
വിഷ്ണു ക്ഷേത്രത്തിന് തെക്ക് മാറി താഴെയൊരു തടാകത്തിന് അരികിലാണ് സരസ്വതിദേവി കുടിയിരിക്കുന്നത്. പതിവ് ക്ഷേത്ര സങ്കല്‍പ്പത്തിലുള്ള ശ്രീകോവിലോ സോപാനമോ ഒന്നും ഇവിടെയില്ല. കുളവും പച്ചപ്പ് മാറാത്ത വള്ളിപ്പടര്‍പ്പുമാണ് ആകെയുള്ളത്.
ഈ വള്ളിപ്പടര്‍പ്പിനകത്താണ് വിദ്യാദേവതയും സര്‍വ്വാഭീഷ്‌ട സാധ്വികയുമായ സരസ്വതിദേവിയുടെ മൂലവിഗ്രഹം കുടികൊള്ളുന്നത്. ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ച പ്രതിവിഗ്രഹത്തിലാണ് പൂജകളും മറ്റ് കര്‍മ്മങ്ങളും നടത്തുന്നത്.
വള്ളിപ്പടര്‍പ്പിനും അതിനുള്ളില്‍ കാണുന്ന തെളിനീരുറവയും ദിവ്യമാണെന്നാണ് വിശ്വാസം. മൂലവിഗ്രഹത്തെ പൊതിഞ്ഞു നില്‍ക്കുന്ന ഒരു വള്ളി മറ്റെവിടെയും കാണാത്ത സരസ്വതിലതയാണെന്നാണ് വിശ്വാസം.