ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (18:27 IST)
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സര്‍വേ അനുമതി മരവിപ്പിക്കാമെന്ന് തമിഴ്‌നാടിന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സര്‍വേ നടപടികളുമായി കേരളത്തിനു മുന്നോട്ടു പോകാം - ജയറാം രമേശ് അറിയിച്ചു.
ഇപ്പോള്‍ പുതിയ അണക്കെട്ടിനായുള്ള സര്‍വേയ്ക്കു മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള അനുമതിയായി കരുതേണ്ടതില്ല. കേന്ദ്രമന്ത്രി എ രാജ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നുവെന്നും അവ പരിഗണിക്കാം എന്ന് അറിയിച്ചിരുന്നതായും ജയറാം രമേശ് വ്യക്തമാക്കി.
വിഷയത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി സര്‍വേയ്ക്ക് അനുമതി നല്‍കിയത് - മന്ത്രി പറഞ്ഞു. ഇത്തരം സര്‍വേയ്ക്ക് മുന്‍ സര്‍ക്കാരുകള്‍ അനുമതി നല്‍കാത്തതിനേക്കുറിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘അവര്‍ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിമാരായതിനാലാവും അനുമതി നല്‍കാഞ്ഞത്. എനിക്കു മുന്‍വിധികളില്ല. അതിനാലാണ് ഈ തീരുമാനം’ എന്നായിരുന്നു ജയറാം രമേശിന്‍റെ മറുപടി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി സര്‍വേ നടത്തരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. സര്‍വേ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടതായി തമിഴ്നാട്ടില്‍ നിന്നുള്ള ചില കേന്ദ്രമന്ത്രിമാര്‍ അറിയിച്ചിരുന്നു.