മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കി. പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേന്ദ്രം മുന്‍കൈയെടുക്കണമെന്നാണ് നിയമസഭ പാസാക്കിയിരിക്കുന്ന പ്രമേയത്തിലുള്ളത്.
തമിഴ്‌നാടിന് വെള്ളം ലഭിക്കുന്ന തരത്തില്‍ പുതിയ അണക്കെട്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രി എം വിജയകുമാര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി ഒരുമിച്ചു നില്‍ക്കണമെന്നും, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് യാഥാര്‍ത്ഥ്യമായാലേ കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂവെന്നും പറഞ്ഞു. തമിഴ്നാടിന് ജലം ലഭിക്കുന്ന തരത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിണോട് ആവശ്യപ്പെടുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കുന്നതിനു വേണ്ടി മാത്രമായിരുന്നു ഇന്ന് സഭ സമ്മേളിച്ചത്. നേരത്തെ ഈ മാസം 29 വരെ സഭ ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീടത് 23 വരെ വെട്ടിച്ചുരുക്കുകയായിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി മാത്രമായി സഭാസമ്മേളനം ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി സഭ അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു.