രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണക്കാരന്‍ എന്ന് കരുതപ്പെടുന്ന ഹസന്‍ അലി ഖാനെ എന്‍ഫോഴ്സ്മെന്റ് വകുപ്പ് പൂനെയില്‍ അറസ്‌റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. ഹസന്‍ അലിയുടെ പൂനെയിലെ വസതിയിലും അദ്ദേഹത്തിന്റെ കൂട്ടാളികളുടെ വീടുകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു അറസ്‌റ്റ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കള്ളപ്പണ വിഷയത്തില്‍ ഹസന്‍ അലിയുടെ അറസ്റ്റ് കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നതെന്താണെന്ന് വ്യാഴാഴ്ച സുപ്രീംകോടതി ചോദിച്ചിരുന്നു. സര്‍ക്കാരിനെ ആരെങ്കിലും തടയുന്നുണ്ടോ എന്നും കോടതി സംശയം പ്രകടിപ്പിക്കുകയുണ്ടായി. ഇതെ തുടര്‍ന്ന്, എന്‍ഫോഴ്സ്മെന്റും ആദായനികുതി വകുപ്പും വെള്ളിയാഴ്ച ഹസന്‍ അലിക്ക് വെവ്വേറെ നോട്ടീസ് അയക്കുകയും ചെയ്തു.
കള്ളപ്പണം സംബന്ധിച്ച അന്വേഷണ പുരോഗതി ചൊവ്വാഴ്ച ബോധിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ഹസന്‍ അലിയുടെ അറസ്‌റ്റ് വേഗത്തിലാക്കിയത്. എന്നാല്‍ താന്‍ രാഷ്‌ട്രീയ ഗൂഡാലോചനയുടെ ഇരയായി മാറുകയാണെന്ന് ഹസന്‍ അലി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇയാളുടെ വസതിയില്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ടാണ് അവസാനിച്ചത്. ഹസന്‍ അലിയുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലും ഹൈദരാബാദിലും റെയ്ഡ് നടന്നു. ഇയാള്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ ബാങ്കില്‍ എട്ട് ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ നിരവധി ആഡംബര കാറുകളും വീടുകളും കുതിരകളും ഇയാള്‍ക്കുണ്ട്.
ഫെബ്രുവരി 19ന് ഹസന്‍ അലി ആദായ നികുതി വകുപ്പിന് മുമ്പാകെ ഹാജരായിരുന്നു. ഇരട്ട പാസ്‌പോര്‍ട്ട് കൈയില്‍ വയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളും അലിയുടെ പേരിലുണ്ട്. യു പി എ സര്‍ക്കാരിലെ ചില ഉന്നതരുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
എ ഐ എ ഡി എം കെ നേതാവ് ജയലളിതയുമായും ഹസന്‍ അലിക്ക് ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ ആരോപണം ജയലളിത നിഷേധിച്ചു. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മിഡ് ഡേ, ഡിഎംകെയുടെ ഉടമസ്ഥതയിലുള്ള മുരശൊലി, കലൈഞ്ചര്‍ ടി വി എന്നീ മാധ്യമങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ജയലളിത വ്യക്തമാക്കി.