വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ എം ആര്‍ എഫ് എം ഡി അരുണ്‍ മാമന്റെ പേരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. 2009ല്‍ ജര്‍മന്‍ അധികൃതര്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറിയ പട്ടികയിലെ പതിനാറാമന്‍ മലയാളി വ്യവസായി അരുണ്‍ മാമനാണെന്ന് തെഹല്‍ക റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു പതിനഞ്ചു പേരുടെ പേരുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെഹല്‍ക വെളിപ്പെടുത്തിയിരുന്നു.
മറ്റുള്ളവരെപ്പോലെ തന്നെ ലിച്ചെന്‍സ്‌റ്റെനിലെ എല്‍ ജി ടി ബാങ്കിലാണ് അരുണിന്റെയും രഹസ്യനിക്ഷേപമെന്നാണു കരുതുന്നതെന്ന് തെഹല്‍ക റിപ്പോര്‍ട്ട് ചെയ്യുന്നു. അരുണിന്റെ കുടുംബാംഗങ്ങള്‍ക്ക് മറ്റ് സ്വിസ് ബാങ്കുകളില്‍ നിക്ഷേപം ഉണ്ടോയെന്നു വ്യക്‌തമല്ലെന്നും തെഹല്‍ക പറയുന്നു.
അരുണിന്റെ ചെന്നൈയിലുള്ള ഓഫീസുമായി പലവട്ടം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല. അരുണ്‍ മീറ്റിംഗിലാണ്, ഭക്ഷണം കഴിക്കാന്‍ പോയി എന്നിങ്ങനെയുള്ള മറുപടികളാണ് ഓഫീസില്‍ നിന്ന് ലഭിച്ചത്. ഇ-മെയിലുകള്‍ക്കും മറുപടി ലഭിച്ചില്ലെന്നും തെഹല്‍ക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ അരുണ്‍ മാമനെ ആദായനികുതി ഉദ്യോഗസ്‌ഥര്‍ ചോദ്യം ചെയ്‌തുവെന്നും കുടിശിക ഒടുക്കിയതിനേത്തുടര്‍ന്ന് നടപടി അവസാനിപ്പിച്ചുവെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായും തെഹല്‍ക പറയുന്നു. പക്ഷേ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും തെഹല്‍ക വ്യക്തമാക്കുന്നു.