കള്ളപ്പണം: മാധുരിയും മല്ലികയും നിരീക്ഷണത്തില്‍

മുംബൈ| WEBDUNIA|
PRO
പാക് ഗായകന്‍ റാഹത്ത് ഫത്തെ അലി ഖാന്റെ കയ്യില്‍ കള്ളപ്പണം വന്നത് സംബന്ധിച്ച അന്വേഷണം മാധുരി ദീക്ഷിത്, മല്ലിക അറോറ ഖാന്‍ എന്നീ ബോളിവുഡ് സുന്ദരിമാരിലേക്കും നീളുന്നു. റാഹത്തിനൊപ്പം പിടിയിലായ ചിത്രേഷ് ശ്രീവാസ്തവയുടെ ഡയറിയില്‍ നിന്നാണ് ഡയറക്‍ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്.

മാധുരിക്കും മല്ലികയ്ക്കും 30 ലക്ഷം രൂപ വീതം കൊടുത്തതായി ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബി പാട്ടുകാരനായ മിക സിംഗിന് പണം നല്‍കിയതിനെക്കുറിച്ചും ഡയറിയിലുണ്ട്. ഈ പണത്തിന്റെ നികുതി ഇവര്‍ അടച്ചിട്ടുണ്ടോ എന്നാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.

ബോളിവുഡ് സംഗീത സംവിധായകനായ ആദേഷ് ശ്രീവാസ്തവയുടെ സഹോദരനാണ് ചിത്രേഷ്. ഐലൈന്‍ ടെലിഫിലിം ആന്‍ഡ് ഇവന്റ്സ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഉടമസ്ഥനാണ് ഇയാള്‍. ഇയാളുടെ വസതിയിലും ഓഫീസിലുമായി ചൊവ്വാഴ്ച നടന്ന റെയ്ഡില്‍ 51 ലക്ഷം രൂപയും ചില നിര്‍ണ്ണായക രേഖകളും കണ്ടെടുത്തിരുന്നു.

1.24 ലക്ഷം ഡോളറിന്‍റെ വിദേശ കറന്‍സിയാണ് റാഹത്തിന്‍റെ പക്കല്‍ നിന്നു ഞായറാഴ്ച പിടിച്ചെടുത്തത്. ലാഹോറിനേക്കുള്ള യാ‍ത്രക്കിടയിലാണ് ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ റാഹത്തും സംഘവും പിടിയിലായത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചിരുന്നെങ്കിലും ഫെബ്രുവരി 17ന് കോടതിയില്‍ ഹാജരാകേണ്ട്തിനാല്‍ ഇവര്‍ക്ക് രാജ്യം വിടാനാവില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :