കഴിഞ്ഞ ദിവസം റവന്യൂ ഇന്‍റലിജന്‍സിന്‍റെ പിടിയിലായ പാകിസ്ഥാനി സംഗീതകാരന്‍ റാഹത് ഫത്തെ അലിഖാനെ അറസ്റ്റ് ചെയ്തു. കണക്കില്‍ പെടാത്ത വിദേശ കറന്‍സി കൈവശം വച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സൂഫി സംഗീത ഇതിഹാസം നുസ്രത്ത് ഫത്തെ അലിഖാന്‍റെ അനന്തരവനാണ് റാഹത് ഫത്തെ അലി ഖാന്‍. അദ്ദേഹത്തെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് റവന്യൂ ഇന്‍റലിജന്‍സ് വിഭാഗം അറിയിച്ചു.
1.24 ലക്ഷം ഡോളറിന്‍റെ വിദേശ കറന്‍സിയാണ് റാഹത്തിന്‍റെ പക്കല്‍ നിന്നു പിടിച്ചെടുത്തത്. 37കാരനായ റാഹത്തിനൊപ്പം 16-ഓളം വരുന്ന അദ്ദേഹത്തിന്‍റെ ട്രൂപ്പംഗങ്ങളും അറസ്റ്റിലായിട്ടുണ്ട്. ലാഹോറിനേക്കുള്ള യാത്രക്കിടയിലാണ് ഒരു എമിറേറ്റ്സ് വിമാനത്തില്‍ വച്ച് വിദേശകറന്‍സി പിടികൂടുന്നത്. കറന്‍സി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഈ വര്‍ഷത്തെ ഏറ്റവും നല്ല പാട്ടുകാരനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഇഷ്ഖിയ എന്ന സിനിമയില്‍ റാഹത്ത് ആലപിച്ച ‘ദില്‍ തൊ ബച്ചാഹെ ജി’ എന്ന പാട്ടിനാണ് ലഭിച്ചത്. സൂഫി സംഗീതത്തിന്‍റെ അസാധ്യമായ ഉയരങ്ങള്‍ കണ്ടെത്തിയ, പ്രതിഭാശാലിയായ നുസ്രത്തിന്‍റെ മരുമകന്‍ ബോളിവുഡ്ഡില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ഗായകനാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ പുറത്തു വന്നിട്ടുണ്ട്.
മുന്‍കൂട്ടി ലഭിച്ച വിവരമനുസരിച്ച് കാത്തു നിന്നാണ് റാഹത് ഫത്തെ അലി ഖാനെ റവന്യൂ അധികൃതര്‍ പിടികൂടിയത്. വിദേശ പൌരന്‍മാര്‍ക്ക് കറന്‍സി രൂപത്തില്‍ കൊണ്ടുപോകാവുന്ന പരമാവധി തുക 5000 ഡോളറാണ്. 5000 ഡോളര്‍ വില വരുന്ന മറ്റ് വസ്തുക്കളും കൊണ്ടു പോകാന്‍ സാധിക്കും.