വിശാഖപട്ടണം|
JOYS JOY|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (11:52 IST)
ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വിശാഖപട്ടണത്തിലേക്ക് ഏവരും ഇത്തവണ ഉറ്റുനോക്കുന്നത് ആരാകും പുതിയ ജനറല്‍ സെക്രട്ടറി എന്നറിയാനാണ്. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന് കരുതപ്പെടുന്ന സീതാറാം യെച്ചൂരിയുടെ പേരാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് ഓരോ ദിവസം പുരോഗമിക്കുമ്പോഴും ഒരു മത്സരത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ നിന്നുള്ള നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍ പിള്ളയുടെ പേരാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ പൂര്‍ണ പിന്തുണയും എസ് ആര്‍ പിക്കുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പിന്തുണ സീതാറാം യെച്ചൂരിക്കാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം പാര്‍ട്ടിയില്‍ വി എസ് ഒറ്റപ്പെട്ടപ്പോള്‍ പൂര്‍ണപിന്തുണയുമായി വി എസിന് ഒപ്പം നിന്ന നേതാവാണ് സീതാറാം യെച്ചൂരി എന്നതു തന്നെ കാരണം.
എന്നാല്‍, കേരളത്തിനു പുറത്തുനിന്നുള്ള നേതാക്കളുടെ പിന്തുണ സീതാറാം യെച്ചൂരിക്കാണ്. ദേശീയതലത്തില്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനൊപ്പവും പ്രകാശ് കാരാട്ടിനൊപ്പവും പ്രവര്‍ത്തിച്ചത് യെച്ചൂരിക്ക് മുതല്‍ക്കൂട്ടാണ്. കൂടാതെ, ദേശീയരാഷ്‌ട്രീയത്തില്‍ മറ്റു പ്രതിപക്ഷനേതാക്കള്‍ക്കിടയില്‍ യെച്ചൂരിക്കുള്ള സ്വീകാര്യതയും അദ്ദേഹത്തിന് അനുകൂലഘടകമാണ്.