വിശാഖപട്ടണം|
JOYS JOY|
Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (16:11 IST)
മൂന്നാം മുന്നണി ദേശീയതലത്തില്‍ പ്രായോഗികമല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാരാട്ട്. ദേശീയതലത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ കാരാട്ട് പ്രാദേശികതലത്തില്‍ മതേതര പാര്‍ട്ടികളുമായി ധാരണയിലെത്താമെന്നും വ്യക്തമാക്കി.
ഇടത് ഐക്യം തെരഞ്ഞെടുപ്പ് സഖ്യം മാത്രമല്ലെന്നും കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരായ ശക്തമായ ബദലാണ് ഇടത് ഐക്യമെന്നും കാരാട്ട് പറഞ്ഞു. ഇടത് മതേതര ബദല്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയ കാരാട്ട് വിശാല ഇടത് ഐക്യം തെരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചല്ലെന്നും പറഞ്ഞു.
ഇതിനിടെ, മുസ്ലിം ലീഗിനെ എല്‍ ഡി എഫിലെടുക്കുമോ എന്ന ചോദ്യത്തിന് മുസ്ലിം ലീഗിനോടുള്ള സി പി എം നയം എല്ലാവര്‍ക്കും അറിയാമെന്ന് കാരാട്ട് മറുപടി പറഞ്ഞു. എന്നാല്‍, കേരള കോണ്‍ഗ്രസിനോടുള്ള ഇടതു സമീപനത്തെക്കുറിച്ച് കാരാട്ട് പ്രതികരിച്ചില്ല