ഇനി സിനിമയ്ക്കും ഒരു റെയില്‍വേ സ്റ്റേഷന്. അതെ, ബോളിവുഡ് സിനിമകളുടെ ചിത്രീകരണത്തിനായി പ്രത്യേക റെയില്‍വേ സ്റ്റേഷന് നിര്‍മ്മിച്ചുനല്‍കാനാണ് റെയില്‍വേയുടെ തീരുമാനം. ട്രെയിന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനായി സിനിമാ അണിയറപ്രവര്‍ത്തകര്‍ സമീപിക്കുന്നത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക റെയില്‍വേ സ്റ്റേഷന് നിര്‍മ്മിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
നിരവധി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് നിലവില്‍ സിനിമാ ചിത്രീകരണത്തിന് റെയില്‍വേ സ്റ്റേഷന് പരിസരം അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമാ ചിത്രീകരണത്തിന് റെയില്‍വേ സ്ഥലം വിട്ടുനല്‍കുന്നതിലൂടെ ലഭിക്കുന്ന പണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2011ല്‍ 61.52 ലക്ഷം രൂപയാണ് സിനിമാചിത്രീകരണത്തിലൂടെ റെയില്‍വേക്ക് ലഭിച്ചത്. 2012ല്‍ ഇത് 1.07 കോടിയായി ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ഷം എല്ലാ റെക്കോര്‍ഡുകളും മറിക്കടന്ന് ആദ്യ മൂന്ന് മാസം സിനിമാ ചിത്രീകരണത്തിലൂടെ റെയില്‍വേക്ക് 92 ലക്ഷം രൂപ ഇതിനകം ലഭിച്ചുകഴിഞ്ഞു.
മാതുങ്ക വര്‍ക്ക് ഷോപ്പ്, വാഡി ബുന്ധര്‍, കുര്‍ല എന്നിവിടങ്ങളിലാവും പുതിയ സ്റ്റേഷന് നിര്‍മിക്കുക. പ്രത്യേക സ്റ്റേഷന് വരുന്നതോടെ സിനിമയില്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട രംഗങ്ങള്‍ എല്ലാം ഒരിടത്ത് തന്നെ ചിത്രീകരിക്കാന്‍ കഴിയും.