പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ ട്വിറ്ററിലുള്ള ആറ് പാരഡി അക്കൌണ്ടുകള്‍ സര്‍ക്കാര്‍ ഇടപെട്ട് പൂട്ടിച്ചു. ‘പിഎംഒഇന്ത്യ‘ എന്ന ഔദ്യോഗിക അക്കൌണ്ടിന് സമാനമായ രീതിയിലാണ് ട്വിറ്ററില്‍ ആറ് പാരഡി അക്കൌണ്ടുകള്‍ നിലവിലുണ്ടായിരുന്നത്.
ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജി വകുപ്പിന്റെ സൈബര്‍ സെല്‍ ഇടപെട്ടാണ് അക്കൌണ്ടുകള്‍ പൂട്ടിച്ചത്. ഗുരുതരമായ തെറ്റിദ്ധാരണകള്‍ പരത്താന്‍ ഇവ കാരണമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വര്‍ഗീയതയുടെ അംശങ്ങളും മതവിദ്വേഷം വളര്‍ത്തുന്ന പോസ്‌റ്റുകളും ഇവയില്‍ ഉണ്ടായിരുന്നതായും സര്‍ക്കാര്‍ ആരോപിക്കുന്നു.
ഈ അക്കൌണ്ടുകള്‍ പൂട്ടാന്‍ രണ്ട് മാസം മുമ്പ് തന്നെ പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇപ്പോള്‍ സൈബര്‍ സെല്‍ ഇടപെട്ട് അക്കൌണ്ടുകള്‍ പൂട്ടിക്കുകയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ലക്ഷ്യംവച്ചുള്ള വ്യാജപ്രചരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ശക്തമായതോടെയാണ് സര്‍ക്കാര്‍ ഇതിന് മുതിര്‍ന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫിസ് നിയമോപദേശം തേടിയിരുന്നു.
പിഎംഒയുടെ ഔദ്യോഗിക അക്കൌണ്ട് കഴിഞ്ഞ ജനുവരി 23-നാണ് ആരംഭിച്ചത്.