ശിവശങ്കര്‍ മേനോന്‍ വിരമിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (18:40 IST)
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ ശനിയാഴ്ച വിരമിക്കും. പകരം പുതിയ സെക്രട്ടറിയായി നിരുപമ റാവു (58) ചുമതല ഏറ്റെടുക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ചുമതല കൈമാറുന്നത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശിവശങ്കര്‍ മേനോന്‍ 1972 ബാച്ചിലെ ഐ എഫ് എസ് ഓഫീസറാണ്. ഇന്തോ-ചൈന ബന്ധത്തിലും ഇന്തോ-അമേരിക്കന്‍ ബന്ധത്തിലും മേനോന്റെ കാലത്ത് പുരോഗതിയുണ്ടായത് ശ്രദ്ധേയമാണ്.

മേനോന്റെ കുടുംബം നയതന്ത്ര പ്രതിനിധികളുടെ തറവാട് ആണെന്ന് പറയാം. ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി മേനോന്റെ മുത്തച്ഛന്‍ കെ പി എസ് മേനോന്‍ (സീനിയര്‍) ആയിരുന്നു. അച്ഛന്‍ പി എന്‍ മേനോന്‍ യൂഗോസ്ലാവിയന്‍ അംബാസഡറായിരുന്നു. അമ്മാവന്‍ കെ പി എസ് മേനോന്‍ (ജൂനിയര്‍) ചൈന അംബാസഡറായിരുന്നു.

ആണവോര്‍ജ്ജ വകുപ്പില്‍ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ശിവശങ്കര്‍ മേനോന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറായും ചൈനയിലെയും ഇസ്രയേലിലെയും അംബാസഡറായും ജോലി നോക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :