പാകിസ്ഥാന്‍ നേരിട്ട് സംസാരിക്കണം

PTI
മുംബൈ ഭീകരാക്രമണ വിഷയത്തില്‍ പാകിസ്ഥാന് ഇന്ത്യയോട് ആശയവിനിമയം നടത്തണമെങ്കില്‍ അത് നേരിട്ടാവണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കില്ല എന്നും മേനോന്‍ പറഞ്ഞു.

പാകിസ്ഥാന് എന്തെങ്കിലും പറയാനുണ്ട് എങ്കില്‍ അത് നേരിട്ടാവണം. ധാക്കയില്‍ നിന്ന് മടങ്ങുന്ന വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശിവശങ്കര്‍ മേനോന്‍.

പാകിസ്ഥാന്‍ പലകാര്യങ്ങള്‍ പലതവണ പല രീതിയില്‍ പലരോട് പറയുന്നു എന്നതാണ് സത്യം. എന്നാല്‍, ഇന്ത്യ മാധ്യമങ്ങളില്‍ വരുന്ന പ്രസ്താവനകളോടും പല ആളുകള്‍ പലരീതിയില്‍ പറയുന്ന കാര്യങ്ങളോടും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കില്ല.

ഇതോടെ, പാകിസ്ഥാനില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണത്തിനു ശേഷം മാത്രമേ ഇന്ത്യ മുംബൈ ആക്രമണ വിഷയത്തില്‍ പ്രതികരിക്കൂ എന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കൂടുതല്‍ ചോദ്യങ്ങളായിരിക്കും പാകിസ്ഥാന്‍ പ്രതികരണമായി ഉന്നയിക്കുക എന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

ഭീകരുടെ ഡി‌എന്‍‌എ സാമ്പിളുകള്‍, അവര്‍ ഉപയോഗിച്ച ആയുധങ്ങള്‍, ആശയ വിനിമയം നടത്തിയ ഐപി വിലാസം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളും പാകിസ്ഥാന്‍റെ പ്രതികരണത്തില്‍ ഉള്‍പ്പെടുമെന്ന് സൂചനയുണ്ട്.
ന്യൂഡല്‍ഹി:| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :