ഹിലാരി ഗാസ ദൌത്യത്തിനും

WEBDUNIA| Last Modified വെള്ളി, 20 ഫെബ്രുവരി 2009 (09:14 IST)
ജക്കാര്‍ത്ത: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ ഇസ്ലാമിക ലോകത്തെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമത്തിലാണ്. ഇന്തോനേഷ്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഹിലാരി തന്‍റെ അടുത്ത ദൌത്യങ്ങളെ കുറിച്ച് പ്രസ്താവിച്ചു.

അതില്‍ ഏറ്റവും പ്രധാനം, ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന പലസ്തീനികളെ സഹായിക്കുന്നതിനായി അടുത്തയാഴ്ച കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നുള്ളതാണ്. ഇന്തോനേഷ്യയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍.

നാല് ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഹിലാരി ഇന്തോനേഷ്യയിലെത്തിയത്. ലോകരാജ്യങ്ങളുമായി അമേരിക്കയുടെ ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ് ഹിലാരി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.

മാര്‍ച്ച് രണ്ടിന് കെയ്റോയിലെ സമാധാന ചര്‍ച്ചകളില്‍ ഹിലാരി പങ്കെടുക്കുമെന്ന്‌ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഈജിപ്‌ത്‌ പ്രതിനിധികളുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്‌.

70 ഓളം രാജ്യങ്ങളിലെ പ്രതിനിധികള്‍ സമ്മേളനത്തിന്‌ ഉണ്ടാകുമെന്നാണ് ഈജിപ്ത് വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :