മുംബൈ: കൂടുതല്‍ ചര്‍ച്ചയില്ല

ന്യൂഡല്‍ഹി| WEBDUNIA|
മുംബൈ ആക്രമണം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഇന്ത്യ തള്ളി. തീവ്രവാദത്തിനെതിരെ പാകിസ്ഥാന്‍ കാര്യമായ നടപടി എടുക്കുന്നതു വരെ ചര്‍ച്ചയില്ലെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ അറിയിച്ചു. ശിവശങ്കര്‍ മേനോന്‍ പാക് പ്രതിനിധി സല്‍മാന്‍ ബഷീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാക് ആവശ്യം ഇന്ത്യ തള്ളിയത്. മുംബൈ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളിലേയും ഉന്നത പ്രതിനിധികള്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്.

കൊളംബോയില്‍ നടക്കുന്ന സാര്‍ക് സമ്മേളനത്തിന്‍റെ ഭാഗമായാണ് ഇരുവരും സംഭാഷണം നടത്തിയത്. മുംബൈ ആക്രമണം വരെ പാകിസ്ഥാനുമായി നല്ലബന്ധമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നതെന്ന് മേനോന്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള എല്ലാ ഔദ്യോഗിക സംഭാഷണങ്ങളും ഇന്ത്യ നിര്‍ത്തിവച്ചതായി അദ്ദേഹം അറിയിച്ചു.

വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് സല്‍മാന്‍ ബഷീര്‍ ആവശ്യപ്പെട്ടെങ്കിലും തീവ്രാവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി എടുക്കാതെ ചര്‍ച്ചയില്ലെന്ന് മേനോന്‍ വ്യക്തമാക്കി. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരികയാണ് തങ്ങളുടെ ലക്‍ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ചര്‍ച്ച തുടരണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്ന് ചര്‍ച്ചയില്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. പാക് സര്‍ക്കാരിന്‍റെ ആത്മാര്‍ത്ഥതയില്‍ ഇന്ത്യക്ക് സംശയമില്ല. എന്നാല്‍ തീവ്രവാദം തുടച്ചുനീക്കാന്‍ അവര്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് അറിയേണ്ടത് ആവശ്യമാണെന്ന് മേനോന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :