വ്യാജ വിസയുമായി 27 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
വ്യാജ വിസയുമായി ദുബായിലേക്ക് പോകാന്‍ ശ്രമിച്ച 27 പേരെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐ‌എസ്‌എഫ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ രണ്ട് എയര്‍‌ലൈന്‍ കോള്‍ സെന്ററുകളില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

കിംഗ്ഫിഷര്‍, ജറ്റ് എയര്‍‌വെയ്സിന്റെ കോള്‍ സെന്ററുകളിലാണ് സന്ദേശം ലഭിച്ചത്. ദുബായ് വിമാനത്തില്‍ വ്യാജ വിസകളുമായി കയറിപ്പറ്റുന്നവര്‍ വിമാനം തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറഞ്ഞതായാണ് സൂചന. കൈവശം വച്ചിരിക്കുന്ന യാത്രക്കാരുടെ പി‌എന്‍‌ആര്‍ നമ്പര്‍ സഹിതമാണ് മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്.

വ്യാജ വിസയുമായി 15 പേര്‍ ദുബായിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു എന്നാണ് ജെറ്റ് എയര്‍‌വെയ്സ് കോള്‍സെന്ററില്‍ ലഭിച്ച സന്ദേശം. അതേസമയം, വ്യാജ വിസയുമായി പറക്കാനൊരുങ്ങുന്ന 12 പേരുടെ വിവരമാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കോള്‍സെന്ററില്‍ ലഭിച്ചത്.

അറസ്റ്റ് ചെയ്ത യാത്രക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ വിസ തട്ടിപ്പിന് ഇരയായതാണ് എന്നാണ് വ്യക്തമാവുന്നത്. ഏജന്റുമാര്‍ക്ക് 60,000 രൂപ നല്‍കിയാണ് ഇവര്‍ വിസ സംഘടിപ്പിച്ചത്. പിടിയിലായവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശികളും ഉള്‍പ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :