രാഹുലിന്റെ മൊബൈല്‍ മോഷണം പോയി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 28 ജൂണ്‍ 2010 (17:09 IST)
PTI
ന്യൂഡല്‍ഹി ഐജിഐ വിമാനത്താവളത്തില്‍ വച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. മോഷണത്തെ കുറിച്ച് രാഹുല്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ കണ്ടെടുക്കുകയും ചെയ്തു.

ലണ്ടനില്‍ നിന്ന് മടങ്ങി വന്നപ്പോഴാണ് ബാഗേജില്‍ വച്ചിരുന്ന ഹാന്‍ഡ് സെറ്റ് രാഹുലിന് നഷ്ടമായത്. ഇക്കാര്യം രാഹുല്‍ ഉടന്‍ തന്നെ തന്റെ സുരക്ഷാ ചുമതലയുള്ള എസ്പി‌ജി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇവരാകട്ടെ, മോഷണ വിവരം സിഐ‌എസ്‌എഫിനെ അറിയിച്ചു.

മോഷണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഐജിഐ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐ‌എസ്‌എഫ് ഉദ്യോഗസ്ഥര്‍ രഹസ്യമായി അന്വേഷണം ആരംഭിച്ചു. സിസി ടിവി ഫൂട്ടേജുകള്‍ പരിശോധിച്ച ഇവര്‍ക്ക് രണ്ട് ‘ബാഗേജ് ഹാന്‍ഡ്‌ലര്‍മാരി’ല്‍ സംശയം തോന്നി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഒരാള്‍ കുറ്റം സമ്മതിക്കുകയും മൊബൈല്‍ തിരികെ നല്‍കുകയും ചെയ്തു.

മോഷ്ടാവിനെതിരെ കേസ് എടുത്തിട്ടില്ല. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍ കരുതല്‍ സ്വീകരിക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു. എന്നാല്‍, രാഹുല്‍ എന്നാണ് ലണ്ടനില്‍ നിന്ന് മടങ്ങിയത് എന്നോ ഏത് വിമാനത്തിലാണ് എത്തിയതെന്നോ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :