പ്രമുഖ ഡിസൈനറായ ജിയോര്‍ജിയോ അര്‍മാനിയുടെ ആദ്യ ഹോട്ടല്‍ ദുബായിയില്‍ തുറന്നു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലാണ് ഹോട്ടല്‍ തുറന്നിരിക്കുന്നത്. ഫാഷന്‍ ലോകത്ത് ശ്രദ്ധേയനായ അര്‍മാനി നക്ഷത്ര ഹോട്ടലുകളുടെ ഡിസൈനിംഗിലും ചരിത്രം തിരുത്തിക്കുറിക്കുകയാണ്. അര്‍മാനിയുടെ രണ്ടാമത്തെ ഹോട്ടല്‍ ജന്മനാടായ ഇറ്റലിയിലെ മിലാനില്‍ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാറും അര്‍മാനിയും ചേര്‍ന്നാണു ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബുര്‍ജ് ഖലീഫ കെട്ടിടത്തിലെ താഴത്തെ എട്ടു നിലകളിലും 38, 39 നിലകളിലുമായാണ് അര്‍മാനി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേകമായി ഡിസൈന്‍ ചെയ്ത 160 മുറികളാണ് സന്ദര്‍ശകരെ കത്തിരിക്കുന്നത്. ലോകത്തിലെ എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കുമെന്ന് ഹോട്ടല്‍ നടത്തിപ്പുക്കാര്‍ അറിയിച്ചു.
ഹോട്ടലിലെ ഏറ്റവും ചെലവേറിയ താമസയിടം അര്‍മാനി ദുബായ് സ്വീറ്റാണ്. സീസണ്‍ അനുസരിച്ച് 4000 മുതല്‍ 40000 ദിര്‍ഹം വരെയാണ് ഇവിടെ ഒരു രാത്രി ചെലവഴിക്കാന്‍ വേണ്ടിവരികയെന്നാണ് കണക്കാക്കുന്നത്. ലോകമെമ്പാടുമായി 13 ഫാക്ടറികളും അയ്യായിരം ജീവനക്കാരുമുള്ള ജിയോര്‍ജിയോ അര്‍മാനി ഗ്രൂപ്പ് ലോകത്തിലെ പ്രമുഖ ഫാഷന്‍ സംരംഭമാണ്.
ഇഷ്ടത്തിനു താമസിക്കാനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കാനും പറ്റിയ ഹോട്ടല്‍ തന്റെ സ്വപ്നമായിരുന്നെന്നും അതാണിപ്പോള്‍ ദുബായിയില്‍ യാഥാര്‍ഥ്യമായതെന്നും ജിയോര്‍ജിയോ അര്‍മാനി പറഞ്ഞു.