വോട്ടിംഗ് യന്ത്രം: അന്വേഷണത്തിന് ഉത്തരവിട്ടില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 6 ജൂലൈ 2009 (10:19 IST)
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറുകളെ കുറിച്ച് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു എന്ന വാര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു.

ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി ഒമേഷ് സൈഗാള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ കമ്മീഷന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു എന്ന വാര്‍ത്തയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി നിഷേധിച്ചു. സൈഗാള്‍ ഒരു കത്ത് മാത്രമാണ് നല്‍കിയിട്ടുള്ളത് എന്നും എല്ലാ പരാതികളെയും കമ്മീഷന്‍ ഗൌരവതരമായി പരിഗണിക്കും എന്നും ഖുറേഷി പറഞ്ഞു.

മുന്‍‌കൂട്ടി പ്രോഗ്രാം ചെയ്ത കോഡ് കടത്തിവിടുന്നതിലൂടെ വോട്ടിംഗ് യന്ത്രങ്ങള്‍ നല്‍കുന്ന ഫലത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്നാണ് ഒമേഷ് സൈഗാള്‍ വാദിക്കുന്നത്. ഹോക്പിന്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പഠനവും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കും എന്നതിന് ഉദാഹരണമായി ഒമേഷ് ചൂണ്ടിക്കാട്ടുന്നു. യന്ത്രത്തിന്റെ സോഴ്സ് കോഡ് അറിയാന്‍ സാധിച്ചാല്‍ എത്ര കള്ളവോട്ട് വേണമെങ്കിലും ചെയ്യാന്‍ സാധിമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ചുള്ള പരാതി ഉന്നയിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ഉണ്ടായേക്കാവുന്ന എല്ലാ തകരാറുകളും പരിഹരിക്കാനും ശരിയായ പ്രവര്‍ത്തനം ഉറപ്പു നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന് സാധ്യമല്ല എങ്കില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണം എന്നാണ് അദ്വാനി ആവശ്യപ്പെട്ടത്.

ഇതെതുടര്‍ന്ന്, ബിജെപി, സിപി‌എം, ആര്‍ജെഡി, ജനതാദള്‍ (എസ്), എല്‍ജെപി തുടങ്ങിയ കക്ഷികളും വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഗൌരവമായി എടുക്കുന്നു എന്ന് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :