വാര്‍ത്താവിനിമയ ഉപഗ്രഹം ജി-സാറ്റ് 14 വിക്ഷേപണം ഇന്ന്
ചെന്നൈ|
WEBDUNIA|
PTI
PTI
ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ജിഎസ്എല്‍വിയുടെ രണ്ടാമത്തെ വിക്ഷേപണം ഇന്ന്. അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 14മായാണ് ജിഎസ്എല്‍വിഡി -5 കുതിക്കുക. ജി സാറ്റ് 14 ഭ്രമണപഥത്തില്‍ എത്തുന്നതോടെ വാര്‍ത്താവിനിമയ രംഗത്ത് വന്‍കുതിച്ചുചാട്ടം തന്നെ രാജ്യത്തിന് പ്രതീക്ഷിക്കാം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകിട്ടാണ് ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിക്ഷേപണം. വൈകിട്ട് 4.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രണ്ട് ടണ്‍ ഭാരമുള്ള ജി സാറ്റ് വഹിച്ചുകൊണ്ടുള്ള ജിഎസ്എല്‍വി ഡി 5 കുതിച്ചുയരും.
കാലാവധി പൂര്‍ത്തിയാക്കുന്ന എജ്യുസാറ്റ് ഉപഗ്രഹത്തിന് പകരക്കാരനായി വര്‍ത്തിക്കുന്നതോടൊപ്പം ഇന്ത്യയെ മുഴുവനായി പരിധിയില്‍ കൊണ്ടുവരാനും ജി സാറ്റിനു കഴിയും. മുന്‍പ് ഏഴ് തവണ ഇന്ത്യ ജിഎസ്എല്‍വി ഉപോഗിച്ച് ഉപഗ്രഹ വിക്ഷേപണത്തിന് ശ്രമിച്ചിരുന്നെങ്കിലും രണ്ടെണ്ണം മാത്രമാണ് പൂര്‍ണ വിജയമായത്.
ജി സാറ്റ് 14 വിക്ഷേപിക്കാന്‍ 2010 ഏപ്രിലിലും ഡിസംബറിലും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ ജിഎസ്എല്‍വി ദൗത്യത്തിന് ഐഎസ്ആര്‍ഒ തല്‍ക്കാലം ഇടവേള നല്‍കുകയായിരുന്നു. പഴുതുകള്‍ അടച്ചുകൊണ്ടുള്ള വിക്ഷേപണം സാധ്യമാക്കാനാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്തവണ ശ്രമിക്കുന്നത്.