മോഡി കാരണം നിതീഷ് വിരുന്ന് റദ്ദാക്കി

പട്ന| WEBDUNIA| Last Modified ഞായര്‍, 13 ജൂണ്‍ 2010 (09:29 IST)
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും താനും ഒരുമിച്ച് നില്‍ക്കുന്ന പരസ്യം പ്രസിദ്ധീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്ക് ശനിയാഴ്ച നല്‍കാനിരുന്ന അത്താഴ വിരുന്ന് റദ്ദാക്കി. ഇതോടെ, ബീഹാറിലെ ബിജെപി-ജെഡി(യു) സഖ്യത്തിന് ഉലച്ചില്‍ തട്ടുമെന്ന് പ്രത്യക്ഷമായ സൂചന ലഭിച്ചിരിക്കുകയാണ്.

സ്വന്തം മതേതര പ്രതിച്ഛായ സംരക്ഷിക്കാന്‍ കടുത്ത മോഡി വിരോധം വച്ചുപുലര്‍ത്തുന്ന നിതീഷ് പട്നയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം തുടങ്ങുമ്പോള്‍ തന്നെ ഉപാധികള്‍ മുന്നോട്ട് വച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ന് അവസാനിക്കുന്ന നിര്‍വാഹക സമിതിയുടെ ഒടുവില്‍ നടക്കുന്ന റാലിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും വരുണ്‍ ഗാന്ധിയും പ്രസംഗിക്കരുത് എന്ന് നിതീഷ് ഉപാധിവച്ചതിനു പുറമെയാണ് പരസ്യ വിവാദവും മുറുകുന്നത്.

നരേന്ദ്രമോഡിക്കൊപ്പം തന്നെയും ചിത്രീകരിച്ചിരിക്കുന്ന പരസ്യം പുറത്തുവിട്ടവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് നിതീഷ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് കോസി വെള്ളപ്പൊക്കത്തില്‍ ഗുജറാത്ത് നല്‍കിയ സഹായത്തിനും മോഡിയും താനും ഒരുമിച്ചു നില്‍ക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെയും നിതീഷ് ആഞ്ഞടിച്ചു. ദുരന്ത സഹായം നല്‍കുന്നത് വിളിച്ചു പറയുന്ന രീതി സംസ്കാരമില്ലായ്മയാണെന്നാണ് നിതീഷ് പറഞ്ഞത്. ഗുജറാത്ത് എത്ര സഹായം നല്‍കിയിട്ടുണ്ട് എങ്കിലും അത് തിരികെ നല്‍കാനും സന്നദ്ധനാണെന്നും നിതീഷ് പറഞ്ഞു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കഴിഞ്ഞ 15 വര്‍ഷമായുള്ള സഖ്യകക്ഷിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ലഭിക്കുന്നത്. നിതീഷ് കോണ്‍ഗ്രസുമായി അടുക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :