വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെ ഭാഗവത്

ഗുവാഹത്തി| WEBDUNIA| Last Modified ഞായര്‍, 31 ജനുവരി 2010 (13:41 IST)
രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള കുടിയേറ്റ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആര്‍‌എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ ഉത്തരേന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ഭാഗവത് ശക്തമായ നിലപാട് സ്വീകരിച്ചത്.

ഇന്ത്യ എല്ലാ ഇന്ത്യക്കാരുടേതുമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും രാജ്യത്ത് എവിടെ നിന്നു വേണമെങ്കിലും ജീവിക്കാനുള്ള സമ്പാദ്യമുണ്ടാക്കാം. ഭാഷയും ജാതിയും ഉപജാതിയും ഗോത്രവും വ്യത്യസ്തങ്ങളാണെങ്കിലും എല്ലാവരും ഇന്ത്യയുടെ മക്കളാണ്.

മറ്റുസ്ഥലങ്ങളില്‍ നിന്ന് വന്നെത്തുന്നവര്‍ കാരണമാണ് ഒരു മേഖലയില്‍ തൊഴിലവസരം ഇല്ലാതാവുന്നത് എന്നത് മിഥ്യാധാരണയാണ്. ഭരണാധികാരികള്‍ക്കും സര്‍ക്കാരിനും സമര്‍പ്പണഭാവമുണ്ടെങ്കില്‍ തൊഴില്‍ പ്രശ്നം പരിഹരിക്കാവുന്നതാണ്. എന്നാല്‍, മറ്റുള്ളവരെ തിരസ്കരിക്കുന്നത് പരിഹാരമാവില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതരാവണം, ഒരു മാധ്യമ സമ്മേളനത്തില്‍ ഭാഗവത് പറഞ്ഞു.

ഉള്‍ഫയുമായുള്ള ചര്‍ച്ച രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും മുന്‍‌നിര്‍ത്തിയാവണം. അക്രമം ഉപേക്ഷിക്കാന്‍ തയ്യാറുള്ളവരോടു മാത്രമായിരിക്കണം ചര്‍ച്ചയെന്നും ഭാഗവത് അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയില്‍ കടുത്ത മറാത്ത വാദവുമായി രംഗത്ത് എത്തിയിരിക്കുന്ന അവസരത്തിലാണ് ആര്‍‌എസ്‌എസ് അന്യസംസ്ഥാനത്തു നിന്നുള്ളവര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംഘപരിവാറിലെ അംഗമായ സേനയ്ക്ക് ഇത് ശക്തമായ തിരിച്ചടിയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :