കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മോഡിയുടെ പ്രസ്താവന തീര്‍ത്തും അപഹാസ്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് താന്‍ ഇറ്റാലിയന്‍ ഭാഷയില്‍ കത്തെഴുതുമെന്ന മോഡിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. മോഡിയുടെ പ്രസ്താവനയെ താന്‍ മാനിക്കുന്നില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.
വ്യാഴാഴ്ചയാണ് വിലക്കയറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നരേന്ദ്രമോഡി ആഞ്ഞടിച്ചത്. “വിലക്കയറ്റത്തെക്കുറിച്ച് ഞാന്‍ ഒട്ടേറെ കത്തുകള്‍ കേന്ദ്രസര്‍ക്കാരിന് എഴുതി. ആഹാരസാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച് കേന്ദ്രത്തിലുള്ളവര്‍ക്ക് മനസിലാകുന്ന ഭാഷയിലാണ് ഞാന്‍ കത്തുകളെഴുതിയത്. എന്നാല്‍ വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എനിക്കു തോന്നുന്നത് പാവങ്ങളോട് അവര്‍ക്ക് ഒരു അനുതാപവും ഇല്ല എന്നാണ്. ഇനി ഞാന്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഒരു കത്തെഴുതാന്‍ ഒരുങ്ങുകയാണ്” - മോഡി പറഞ്ഞു. ഈ പ്രസ്താവനയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.