മറ്റൊരു പിടികിട്ടാപ്പുള്ളി ഇന്ത്യന്‍ ജയിലില്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
പാകിസ്ഥാന് കൈമാറിയ ഭീകര പട്ടികയുടെ പേരില്‍ ഇന്ത്യയ്ക്ക് വീണ്ടും തലകുനിക്കേണ്ട ഗതികേട്. ഇന്ത്യ പാകിസ്ഥാന് കൈമാറിയ 50 ഭീകരരുടെ പട്ടികയില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ഒരു തടവുപുള്ളിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തി.

സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ പിശകും വെളിച്ചത്താവുന്നത്. 1993 മുംബൈ സ്ഫോടന കേസില്‍ ജയിലിലായ ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്‍ (51) എന്നയാളുടെ പേരാണ് പാകിസ്ഥാന് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പിശകിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് ഇത്തവണയും സമ്മതിച്ചു. പ്രതി പിടിയിലായിട്ടും റെഡ്കോര്‍ണര്‍ നോട്ടീസില്‍ നിന്ന് പേര് നീക്കം ചെയ്തിരുന്നില്ല എന്നും അതേ പട്ടികയാണ് ആഭ്യന്തര മന്ത്രാലയത്തിന് അയച്ചതെന്നും സിബിഐ കുറ്റസമ്മതം നടത്തി.

2010 ഫെബ്രുവരിയിലാണ് ഫിറോസിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റിനെ കുറിച്ച് സിബിഐയെ അറിയിച്ചിരുന്നില്ല. അതിനാലാണ് പഴയ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചതെന്നും വിശദീകരണമുണ്ട്.

പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ താനെയില്‍ താമസിക്കുന്ന വസ്ഉല്‍ ഖമര്‍ ഖാന്‍ എന്ന സാരി വ്യാപാരിയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. മാര്‍ച്ചില്‍ നടന്ന സെക്രട്ടറിതല ചര്‍ച്ചയില്‍ ഇന്ത്യ പാകിസ്ഥാനു നല്‍കിയ പട്ടികയിലാണ് `ഖമര്‍ ഖാന്റെയും അബ്ദുള്‍ റഷീദ് ഖാന്റെയും പേര് തെറ്റായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :