ഇന്ത്യന്‍ നിയമ വ്യവസ്ഥ മാവോയിസ്റ്റ് അനുഭാവിയെന്ന് മുദ്ര കുത്തി കാലങ്ങളോളം ജയിലിലടച്ച ബിനായക് സെന്ന് അന്താരാഷ്ട്ര പുരസ്കാര നിര്‍വൃതിയിലാണ്. ദക്ഷിണ കൊറിയയുടെ പരമോന്നത പുരസ്കാരങ്ങളില്‍ ഒന്നായ ഗ്വാന്‍ജുവാണ് ബിനായകിനെ തേടിയെത്തിയത്. 50,000 ഡോളര്‍ (ഏകദേശം കാല്‍ കോടി രൂപ) ആണ് പുരസ്കാര തുക. ഇത് ഒരു വിരോധാഭാസമാണ്. ഇന്‍ഡ്യന്‍ നിയമ വ്യവസ്ഥ ഒരു പൌരനെ രാജ്യത്തിന് എതിരായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു എന്നാരോപിച്ച് കല്‍ തുറങ്കില്‍ അടക്കുന്നു, അതേ സമയം വേറൊരു രാജ്യം ഏഷ്യയില്‍ മഹത്തായ മനുഷ്യാവകാശ പ്രവര്‍ത്തങ്ങള്‍ നടത്തിയെന്നത് കണക്കിലെടുത്ത് പുരസ്കാരം നല്‍കി ശ്ലാഘിക്കുന്നു.
എവിടെയോ തെറ്റു പറ്റുന്നു. ഒന്നുകില്‍ നിയമ വ്യവസ്ഥക്ക്, അല്ലെങ്കില്‍ പുരസ്കാര ദാതാക്കള്‍ക്ക്. ഏതായാലും ഒരു രാജ്യത്തിന്റെ ഉന്നതമായ പുരസ്കാരം മനുഷ്യാവകാശ ധ്വംസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് കൊടുക്കുകയെന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. ബിനായക് സെന്നിനുള്ള പുരസ്കാരം ഔദ്യോഗികമായി പ്രഖ്യാപിക്കുക ഗ്വാന്‍ജു വിപ്ലവത്തിന്റെ വാര്‍ഷീക ദിനമായ മെയ് 18നാണ്. ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 32 നാമ നിര്‍ദേശങ്ങളാണ് പുരസ്കാര നിര്‍ണ്ണയ സമിതിക്ക് ലഭിച്ചത്. അതില്‍ നിന്നാണ് ബിനായകിനെ സമിതി തിരഞ്ഞെടുത്തിരിക്കുന്നത്.
കിഴക്കന്‍ തിമൂറില്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ സനാനാ ഗുസാമോ, ബര്‍മയിലെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം ആംഗ്‌സാന്‍ സൂക്കി, മണിപ്പൂരില്‍ സൈനിക കാട്ടാളത്തതിനെതിരെ ശ്വാസം ഭക്ഷണമാക്കി പോരാടുന്ന ഇറോം ശര്‍മിള എന്നിവരുടെ പട്ടികയിലേക്കാണ് ഗ്വാന്‍ജു പുരസ്കാരം ലബ്ധി വഴി ബിനായക് സെന്നും നടന്നു കയറുന്നത്.
പാവപ്പെട്ടവര്‍ക്കു നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളേയും അക്രമങ്ങളേയും സെന്‍ ശക്തിയുക്തം എതിര്‍ത്തുവെന്നും നക്‌സല്‍ വേട്ടക്കിടെ സൈന്യം നടത്തുന്ന പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പീപ്പിള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസിന്റെ വക്താവായി നിലകൊണ്ടുവെന്നും പുരസ്കാര സമിതി വിലയിരുത്തുന്നു. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു എന്നാരോപിച്ച് സ്വദേശം സെന്നിന് ഇരുമ്പഴികള്‍ സമ്മാനിക്കുന്നു. എന്തൊരു പരസ്പര വിരുദ്ധത. പകലും രാത്രിയും പോലെ!