പത്തുദിവസത്തെ പരോള്‍ ലഭിച്ച് പൂജപ്പുര ജയിലില്‍ നിന്നിറങ്ങിയ മുന്‍മന്ത്രി ആര് ബാലകൃഷ്ണപിള്ളയുടെ പരോള്‍ കാലാവധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണപിള്ള തന്റെ പരോള്‍ കാലാവധി നീട്ടുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
പിള്ളയുടെ അപേക്ഷ ആഭ്യന്തരവകുപ്പിന് കൈമാറും. തുടര്‍ന്ന് സര്‍ക്കാരാവും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ഭാര്യയുടെ ചികിത്സയ്ക്കായാണ് പിള്ളയ്ക്ക് പത്തുദിവസത്തെ പരോള്‍ അനുവദിച്ചിരുന്നത്. ഇതിന്റെ കാലാവധി ഏപ്രില്‍ 30-ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും.
ജയില്‍ നിയമപ്രകാരം സര്‍ക്കാരിന് 15 ദിവസത്തേക്ക് പരോള്‍ നീട്ടിക്കൊടുക്കാം എന്ന വ്യവസ്ഥയുണ്ട്. മൂന്ന് തവണകളായി 45 ദിവസത്തെ പരോള്‍ ആണ് ഇത് പ്രകാരം നല്കാന് സാധിക്കുക.