മറ്റൊരു എയര്‍ ഇന്ത്യ ദുരന്തം ഒഴിവായി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മംഗലാപുരം വിമാന ദുരന്തത്തിനു ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു വന്‍ ദുരന്തത്തില്‍ നിന്ന് ദുബായ്-പൂനെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടു എന്ന് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം 6000 അടിതാഴേക്ക് പതിക്കുകയായിരുന്നു.

മെയ് 24 ന് ദുബായ്-പൂനെ IX212 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ആകാശമധ്യത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് 6000 അടി താഴ്ചയിലേക്ക് പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ പൈലറ്റ് വാഷ് റൂമിലായിരുന്നു എന്നും സഹ-പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മസ്കറ്റ് വ്യോമാതിര്‍ത്തിയില്‍ വച്ചായിരുന്നു നിയന്ത്രണം നഷ്ടമായ വിമാനം താഴേക്ക് പതിച്ചത്. വിമാനത്തിന്റെ താഴേക്കുള്ള പോക്ക് മറ്റൊരു വിമാനത്തിന്റെ പാതയുടെ തൊട്ടടുത്ത് വരെ എത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ അപായ മുന്നറിയിപ്പ് നല്‍കി. 37,000 അടി ഉയരത്തിലേക്ക് വിമാനം പൊന്തിക്കാനും എടി‌സി നിര്‍ദ്ദേശം നല്‍കി. ഇതെ തുടര്‍ന്ന്, പൈലറ്റ് വിമാനം നിര്‍ദ്ദിഷ്ട ഉയരത്തിലെത്തിച്ചത് വന്‍ ദുരന്തം ഒഴിവാക്കി.

സംഭവത്തില്‍ ചില യാത്രക്കാര്‍ക്കും രണ്ട് കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരുക്ക് പറ്റിയതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍, സംഭവത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. ഓട്ടോ പൈലറ്റ് സംവിധാനത്തിനുണ്ടായ തകരാറോ അല്ലെങ്കില്‍ എയര്‍ പോക്കറ്റ് പോലെയുള്ള പ്രതിഭാസങ്ങള്‍ കാരണമോ ആണ് വിമാനത്തിനു നിയന്ത്രണം നഷ്ടമായതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :