വൈദ്യുതി നിരക്ക് വര്‍ധന: തീരുമാനം ഇന്ന്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വൈദ്യുതി നിരക്കു വര്‍ധന ഇന്നുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ചേരുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ യോഗമാണു നിരക്കു വര്‍ധനയും നിയന്ത്രണങ്ങളും തീരുമാനിക്കുക. മുഴുവന്‍ അംഗങ്ങളും സംബന്ധിക്കുന്ന യോഗം വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച ശുപാര്‍ശകളില്‍ മാറ്റം വരുത്തി അംഗീകരിക്കും.

ഏപ്രില്‍, മേയ് മാസങ്ങളിലെ നിരക്കാണു ഇന്ന് തീരുമാനിക്കുക. ലോഡ് ഷെഡിങിന് അനുമതി നല്‍കുന്ന കാര്യത്തിലും അന്തിമ തീരുമാനമുണ്ടാകും. അധിക വൈദ്യുതിക്ക് അധിക നിരക്കിനുള്ള ശുപാര്‍ശ അംഗീകരിക്കും. ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യവും നല്‍കും.

എന്നാല്‍, 40 പൈസ ഈടാക്കാനേ കമ്മിഷന്‍ അനുവദിക്കൂ. ബോര്‍ഡിന്‍റെ നഷ്ടം നികത്താന്‍ ഇതുമതിയെന്നു കമ്മിഷന്‍. വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി ഉപയോഗത്തിന്‍റെ 20 ശതമാനത്തിന് അധിക നിരക്ക് ഈടാക്കിയാല്‍ മതിയെന്നും കമ്മിഷന്‍ നിര്‍ദേശിക്കും. 25% വൈദ്യുതിക്ക് അധിക നിരക്കു വേണമെന്നാണു ബോര്‍ഡ് നിര്‍ദേശിച്ചത്.

പ്രതിമാസം 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ചാര്‍ജ് നല്കണം. ഇക്കാര്യം വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

പുതുക്കിയ നിരക്കനുസരിച്ച് യൂണിറ്റിന്‌ ശരാശരി ഏഴുരൂപയാകും. ഇപ്പോഴിത്‌ നാലുരൂപ മുപ്പതുപൈസയാണ്‌. ഈ നിരക്ക്‌ വൈദ്യുതിബോര്‍ഡിന്‍റെ ശുപാര്‍ശ അനുസരിച്ച്‌ റഗുലേറ്ററി കമ്മിഷനാകും പിന്നീട്‌ തീരുമാനിക്കുക. സാമ്പത്തികബാധ്യതയില്‍ നിന്ന്‌ കരകയറാന്‍ വൈദ്യുതി ബോര്‍ഡ്‌ ആവശ്യപ്പെട്ടിരുന്നത്‌ യൂണിറ്റിന്‌ 46 പൈസ സര്‍ചാര്‍ജാണ്‌. വൈദ്യുതി ബോര്‍ഡിന്‍റെ ആവശ്യം റഗുലേറ്ററി കമ്മിഷന്‍ അതേപടി അംഗീകരിക്കില്ലെങ്കിലും സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തുമെന്ന് തന്നെയാണ് സൂചന.

വ്യവസായങ്ങള്‍ക്കും നിലവിലെ നിരക്കില്‍ ഇപ്പോഴത്തെ ഉപഭോഗത്തിന്‍റെ എണ്‍പതുശതമാനമാനമേ വൈദ്യുതി നല്‍കൂ. ബാക്കി ഇരുപതുശതമാനത്തിന്‌ അധിക വില നല്‍കേണ്ടിവരും. ഇതിനുപുറമെ താപവൈദ്യുതി വാങ്ങിയ ഇനത്തില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത കുറയ്ക്കാന്‍ എല്ലാ വിഭാഗം ഉപഭോക്‌താക്കള്‍ക്കും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :