പാറ്റ്‌ന|
Joys Joy|
Last Modified തിങ്കള്‍, 19 ജനുവരി 2015 (11:46 IST)
ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഉണ്ടായ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റു ചെയ്തു. മുസാഫര്‍നഗര്‍ ഡി എം അനുപം കുമാര്‍ അറിയിച്ചതാണ് ഇക്കാര്യം. ഗ്രാമത്തിലെ സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ജില്ല ഭരണകൂടം അഞ്ചുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
ഗ്രാമത്തില്‍ ഉണ്ടായ വര്‍ഗീയകലാപത്തില്‍ മൂന്നുപേരെ ചുട്ടുകൊന്നിരുന്നു. രണ്ടുപേര്‍ക്ക് സംഭവത്തില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. 25 കുടിലുകള്‍ അഗ്നിക്കിരയാകുകയും ചെയ്തിരുന്നു.
പാറ്റ്‌നയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ബാഹില്‍വരാ ഗ്രാമത്തിലാണ് കലാപം നടന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിന് ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വര്‍ഗ്ഗീയകലാപത്തിന് വഴിവെച്ചത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായ ദളിത് വിഭാഗത്തില്‍പ്പെടുന്ന യുവാവിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
19കാരന്‍ ഭരതേന്ദു കുമാറിനെ കഴിഞ്ഞദിവസം സ്വന്തം ഗ്രാമത്തില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതില്‍ ആരോപണവിധേയനായ വിക്കി എന്നയാളുടെ വീടും അതിനു സമീപമുള്ള വീടുകളുമാണ് അക്രമാസക്തരായ ആള്‍കൂട്ടം തീയിട്ടത്.
ഇതിനിടെയാണ് മൂന്നുപേരെ അക്രമികള്‍ തീയിലെറിഞ്ഞു കൊന്നത്. അക്രമത്തില്‍ പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെതുടര്‍ന്ന് പ്രദേശം പൊലീസ് വലയത്തിലാണ്.