ശനിയാഴ്ച്ച ഫൈലിന്‍ ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്ര-ഒറീസ തീരപ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. വൈദ്യുതി ബന്ധത്തിലുള്ള തടസ്സവും തുടരുകയായതിനാല്‍ ഇരു സംസ്ഥാനങ്ങളും ഇന്നും ഇരുട്ടിലായേക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും കെട്ടിടമിടിഞ്ഞും 20 പേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്.
ചുഴലിക്കാറ്റിനെ നേരിടാന്‍ നേരത്തെ വേണ്ട മുന്‍കരുതലുകള്‍ എടുത്തതിനാലാണ് കാര്യമായ ആളപായം ഒഴിവാക്കാനായത്. ആന്ധ്ര-ഒറീസയിലും ദുരന്ത നിവാരണത്തിനായി വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. ആടുത്ത ആറ് മണിക്കുറുകള്‍ക്കുള്ളില്‍ കാറ്റിന്റെ ശക്തി കുറഞ്ഞ് സാധാരണ നിലയിലാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ആന്ധ്രയിലും ഒറീസയിലും വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ 12 മണിക്കുറെങ്കിലും തുടരുമെന്ന് കരുതുന്നു.ഇപ്പോള്‍ ശക്തി കുറഞ്ഞ കാറ്റ് വടക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്.
ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. കേരള, തമിഴ്നാട് തീരങ്ങളിലും മഴയുണ്ടാകും. ആന്ധ്ര, ഒറീസ തീരങ്ങളില്‍ ചുഴലിക്കാറ്റ് എത്തുന്നതിന് മുന്നോടിയായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അഞ്ചു ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒഡീഷയില്‍ നിന്ന് 2,70,000 പേരെ ഒഴിപ്പിച്ചു. ആന്ധ്ര, ഒറീസ തീരങ്ങളില്‍ കനത്ത മഴയുണ്ടായി.
ദുരന്തനിവാരണ സേനയുടെ 43 കമ്പനികളെ ഇരു സംസ്ഥാനങ്ങളിലെയും തീരദേശ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗമുള്ള കാറ്റഗറി അഞ്ച് കൊടുംചുഴലിയാണു ഫൈലിന്‍. മൂന്നു സേനാവിഭാഗങ്ങളുടെയും സഹായം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോപാല്‍പുരത്താണ് ഫൈലിന്‍ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത്. ഗോപാല്‍പുരത്തും പാരദ്വീപിലും ഇന്നലെ നല്‍കിയിരുന്ന അതീവ ജാഗ്രത നിര്‍ദ്ദേശമായ 'സിഗ്നല്‍ പത്ത്' കാറ്റിന്റെ വേഗം കുറഞ്ഞതിനാല്‍ ഇന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇപ്പോള്‍ മുന്‍കരുതല്‍ നിര്‍ദ്ദേശം മാത്രമാണ് നിലനില്‍ക്കുന്നത്. അതേസമയം, ബുവനേശ്വര്‍ വിമാനത്താവളവും പാരദ്വീപ് തുറമുഖവും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.