ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സാമ്പത്തിക പരിഷ്‌കാര നടപടികളെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍, തൃണമൂലിന്റെ പിന്‍മാറ്റം, മന്ത്രിസഭാ അഴിച്ചുപണി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ആയിരുന്നു യോഗം. സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഉറച്ച പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചു.
ചില്ലറവ്യാപാര രംഗത്തെ വിദേശനിക്ഷേപം അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ വിട്ടുവീഴ്ച വേണ്ടെന്നും രാജ്യപുരോഗതിക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഉറച്ച പിന്തുണ നല്‍കുമെന്നും ഐഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് എന്നും ജനങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചു. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ സുപ്രധാനപദവിയില്‍ എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് യോഗം നടന്നത്. തെലുങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച വിഷയം യോഗം ചര്‍ച്ച ചെയ്തില്ല.
അതേസമയം യുപിഎ മന്ത്രിസഭാ അഴിച്ചുപണി ഉടന്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. 15 പുതുമുഖങ്ങളെങ്കിലും യു പി എ മന്ത്രിസഭയിലേക്ക് എത്തിയേക്കും. ബംഗാളില്‍ നിന്ന് മൂന്ന് പേര്‍ മന്ത്രിസഭയില്‍ വന്നേക്കും. ബംഗാള്‍ ഡിസിസി അദ്ധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ, ആധിര്‍ രഞ്ജന്‍ ചൗധരി, ദീപദാസ് മുന്‍ഷി എന്നീ പേരുകള്‍ ആണ് പരിഗണനയിലുള്ളത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, സിനിമാതാരം ചിരഞ്ജീവി, താരിഖ് അന്‍വര്‍, ജ്യോതി മിര്‍ധ, മീനാക്ഷി നടരാജന്‍, കെ ആര്‍ റഹ്മാന്‍ ഖാന്‍, ജനാര്‍ദ്ദന്‍ ദ്വിവേദി, മനീഷ് തിവാരി, വിലാസ് മുട്ടേംവര്‍, പി എല്‍ പുനിയ, സത്യവരദ് ചതുര്‍വേദി, നാരാണണ്‍ റാണെ, ഗുരുദാസ് കാമത്ത്, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നത്. എ രാജ, ദയാനിധിമാരന്‍ എന്നിവര്‍ക്ക് പകരം ഡിഎംകെയ്ക്കും രണ്ട് മന്ത്രിമാരുണ്ടായേക്കും.
എസ് എം കൃഷ്ണ, ബേണി പ്രസാദ് വര്‍മ്മ, സുബോധ് കാന്ത് സഹായ്, ശ്രീപ്രകാശ് ജയ്സ്വാള്‍, മുകുള്‍ വാസ്നിക്, അഗതാ സാങ്മ എന്നിവ പുറത്തുപോകും. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എസ് എം കൃഷ്ണയെ ഒഴിവാക്കുന്നത്.