പാര്‍ലമെന്റിന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനത്തിന് ബുധനാഴ്ച തുടക്കം. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെ വിചാരണ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. പുതിയ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യ സമ്മേളനമാണിത്.
ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ ആ വകുപ്പ് പി ചിദംബരത്തിന് കൈമാറിയിരുന്നു. ഊര്‍ജ്ജമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് എത്തുകയും ചെയ്തു. ടുജി വിഷയത്തില്‍ ശീതകാലസമ്മേളനത്തില്‍ ചിദംബരത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഇത്തവണ ചിദംബരം ധനമന്ത്രിപദത്തില്‍ എത്തിയ സാഹചര്യത്തില്‍ പ്രതിപക്ഷം അദ്ദേഹത്തെ എങ്ങനെയാണ് നേരിടുകയെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
അസം വംശീയ കലാപം ബിജെപി പ്രധാന ആയുധമാക്കുമെന്നുറപ്പാണ്. സാമ്പത്തിക പ്രതിസന്ധി, വൈദ്യുതി പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെല്ലാം ഇരുസഭകളെയും പ്രക്ഷുബ്ധമാക്കും.
ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഈ സമ്മേളനത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ല. 31 ബില്ലുകളാണ് സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കാന്‍ ഒരുങ്ങുന്നത്.