അഹമ്മദാബാദ്|
Last Updated:
ശനി, 10 മെയ് 2014 (09:39 IST)
ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ യോഗഗുരു ബാബാ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്. രാംദേവിന്റെ ദളിത് വിരുദ്ധ പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ ഇതര സംഘടനയായ(എന്‍ജിഒ) അംബേദ്കര്‍ കര്‍വാനാണ് സിവില്‍ കോടതിയില്‍ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിത് ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് മധുവിധുവിനും വിനോദത്തിനും വേണ്ടിയാണെന്നുള്ള പരാമര്‍ശമാണ് രാംദേവിനെ വെട്ടിലാക്കിയത്. രാം ദേവ് വിവാദ പ്രസ്താവന ദളിത് സമൂഹത്തിനും പ്രത്യേകിച്ച് ദളിത് സ്ത്രീകള്‍ക്കും നേരെയാണെന്ന് ഹര്‍ജിക്കാരനായ എന്‍ജിഒ പ്രസിഡന്റ് രത്ന വോറ പറഞ്ഞു.
"രാംദേവിന്റെ പരാമര്‍ശം മുഴുവന്‍ ദളിത് സമൂഹത്തിനും മേലുള്ള അധിക്ഷേപമാണ്, സെന്‍സസ് കണക്കുകള്‍ പ്രകാരം ഏകദേശം 28 കോടിയോളം ദളിതര്‍ രാജ്യത്തുണ്ട്, വിവാദ പരാമര്‍ശത്തിലൂടെ ദളിതര്‍ക്കുണ്ടാക്കിയ നഷ്ടം രാം ദേവ് നല്‍കണം" 1000 കോടിയുടെ മാനനഷ്ടത്തുകയെ ന്യായീകരിച്ചു കൊണ്ട് എന്‍ജിഒ പറഞ്ഞു. മാത്രമല്ല തുക രാജ്യത്തെ ദളിത് സമൂഹത്തിന്റെ ഉന്നമനത്തിനായി ചെലവിടണമെന്നും എന്‍ജിഒ പറയുന്നു.
ലക്നൗവില്‍ ഏപ്രില്‍ 25ന് ബിജെപിയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കവെയാണ് രാദേവ് ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാംദേവ് തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
നേരത്തെ ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹോഷിയാറിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി ഭഗ്‌വാന്‍ സിംഗ് ചൗഹാന്‍ രാംദേവിന്റെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു.