തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഡിഎംകെയോട് ശത്രുത കാട്ടുന്നു എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി. കമ്മീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചു എന്ന് താന്‍ പറയില്ല എന്നാല്‍ കമ്മീഷനിലെ ചില ഉദ്യോഗസ്ഥര്‍ സൌഹാര്‍ദ്ദത്തോടെയല്ല പെരുമാറുന്നത് എന്നും കരുണാനിധി കുറ്റപ്പെടുത്തി.
കമ്മീഷന്റെ കടുത്ത നിലപാടുകള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഉദ്യോഗസ്ഥര്‍ അടിയന്തിരാവസ്ഥക്കാലത്തെ പോലെയാണ് പെരുമാറുന്നത്. എന്നാല്‍, ഡിഎംകെ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നും കരുണാനിധി പറഞ്ഞു.
നേരത്തെ, തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും കരുണാനിധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. കമ്മീഷന്റെ അധികാരത്തെ കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് കരുണാനിധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, ഡിഎംകെയെ ജനങ്ങള്‍ പിന്തള്ളുമെന്നും അഴിമതിനിറഞ്ഞ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും എഐഎഡിഎംകെ അധ്യക്ഷ ജയലളിത അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, ജയലളിതയും കരുണാനിധിയും പുതിയ മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്. ജയലളിത ശ്രീരംഗത്തുനിന്നും കരുണാനിധി തിരുവാരൂരില്‍ നിന്നുമാണ് ഇത്തവണ മത്സരിച്ചത്.