വോട്ടിനുപകരം സ്വര്‍ണ്ണത്താലി നല്‍കാം: ജയ

ചെന്നൈ| WEBDUNIA|
PRO
തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ടുചെയ്യും? കരുണാനിധിയും ജയലളിതയും നല്‍കുന്ന വാഗ്ദാനങ്ങള്‍ വോട്ടര്‍മാരെ അത്രത്തോളം ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ് നല്‍കുമെന്ന കരുണാനിധിയുടെ പ്രസ്താവന വന്നതിനു പിന്നാലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത താലി നല്‍കുമെന്ന വാഗ്ദാനവുമായി എഐ‌എഡി‌എംകെ നേതാവ് രംഗത്ത് എത്തിയിരിക്കുകയാണ്.

ബിപി‌‌എല്‍ കുടുംബങ്ങള്‍ക്ക് ദിവസം 20 ലിറ്റര്‍ മിനറല്‍ വാട്ടര്‍, കാര്‍ഡ് ഉടമകള്‍ക്ക് സൌജന്യമായി 20 കിലോഗ്രാം അരി, പതിനൊന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, പാവപ്പെട്ടവര്‍ക്ക് ഫാന്‍, മിക്സി, ഗ്രൈന്‍ഡര്‍ തുടങ്ങി വാഗ്ദാനങ്ങളുടെ ഒരു അത്ഭുത ലോകം തന്നെയാണ് ജയലളിത വ്യാഴാഴ്ച പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുവച്ചത്. വ്യാഴാഴ്ച ശ്രീരംഗത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് ജയലളിത എഐ‌എഡി‌എംകെയുടെ നാമനിര്‍ദ്ദേശപത്രിക പുറത്തിറക്കിയത്.

പാവപ്പെട്ട സ്ത്രീകള്‍ക്ക് അരപ്പവന്റെ താലി നിര്‍മ്മിച്ചു നല്‍കുമെന്നാണ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ജയലളിത പ്രഖ്യാപിച്ചത്. പാവപ്പെട്ടവര്‍ക്ക് കേബിള്‍ ടിവി കണക്ഷന്‍ സൌജന്യ നിരക്കില്‍ നല്‍കുമെന്നും ജയലളിത വ്യക്തമാക്കി. കേബിള്‍ ടിവി ശൃംഖലകള്‍ ദേശസാല്‍ക്കരിക്കുമെന്നും ജയലളിത ഉറപ്പ് നല്‍കിയിട്ടുണ്ട്. മേഖലയില്‍ കരുണാനിധിയുടെ ബന്ധുക്കളായ കലാനിധി മാരന്റെയും ദയാനിധി മാരന്റെയും ഉടമസ്ഥതയിലുള്ള സുമംഗലി കേബിള്‍ വിഷന്റെ ഏകാധിപത്യം അവസാനിപ്പിക്കാനാണ് ഈ തീരുമാനമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

58 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൌജന്യ ബസ് യാത്ര, പുതിയ ആരോഗ്യന്‍ ഇന്‍ഷുറന്‍സ്, ശ്രീലങ്കന്‍ തമിഴര്‍ക്കായി പ്രത്യേക ക്ഷേമപരിപാടി, സ്ത്രീകള്‍ക്ക് ആറ് മാസത്തെ ഗര്‍ഭകാലാവധി, ഗര്‍ഭിണികള്‍ക്ക് 12,000 രൂപയുടെ ധനസഹായം. വിദ്യാര്‍ത്ഥികള്‍ക്ക് നാല് ജോഡി യൂണിഫോമും ഷൂ‍സും, പത്താം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 1000 - 5000 രൂപയുടെ ധനസഹായം. അശരണരാര വൃദ്ധര്‍ക്ക് ദിവസം മൂന്ന് നേരം ആഹാരം, ചികിത്സ, വായനശാലാ സൌകര്യം എന്നിവയും ജയലളിത പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.

ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ 2006-ലെ തെരഞ്ഞെടുപ്പിന് സ്വീകരിച്ച നയങ്ങളല്ല ഇപ്പോള്‍ എ‌ഐഎഡി‌എംകെ പിന്തുടരുന്നത് എന്ന് വ്യക്തമായിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ഡി‌‌എംകെ ഇത്തരം വാഗ്ദാനങ്ങള്‍ നടത്തിയതിനെ ജയലളിത ശക്തമായി വിമര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :