ജസ്വന്തിനെ പുറത്താക്കാന്‍ അദ്വാനി ആഗ്രഹിച്ചില്ല ?

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2009 (08:59 IST)
PRO
ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന ജസ്വന്ത് സിംഗിനെ പുറത്താക്കാന്‍ അദ്വാനി ആഗ്രഹിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തീരുമാനമെടുത്ത ഓഗസ്റ്റ് 19 ലെ ചിന്തന്‍ ബൈഠക്കില്‍ അദ്വാനിയുടെ അഭിപ്രായത്തിന് പിന്തുണ ലഭിച്ചിരുന്നില്ല.

ജിന്നയെ പ്രകീര്‍ത്തിച്ച് പുസ്തകം എഴുതിയ കുറ്റത്തിന് മുന്‍ വിദേശകാര്യ മന്ത്രിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത് അദ്വാനിക്ക് ഇഷ്ടമായിരുന്നില്ല. ജസ്വന്തിനെ പാര്‍ല്‍മെന്ററി സമിതിയില്‍ നിന്നോ അല്ലെങ്കില്‍ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നോ മാറ്റി നിര്‍ത്തിയാല്‍ മതി എന്നായിരുന്നു അദ്വാനി വാദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍, അനന്ത് കുമാര്‍, വിനയ് കത്യാര്‍ തുടങ്ങിയവര്‍ ജസ്വന്തിനെതിരെ കര്‍ശന നടപടി വേണമെന്ന് വാദിക്കുകയും ഒപ്പം സര്‍ദാര്‍ പട്ടേലിനെതിരെ ജസ്വന്തിന്റെ പുസ്തകത്തിലെ പരാമര്‍ശം മാപ്പ് അര്‍ഹിക്കുന്നതല്ല എന്ന് പറഞ്ഞ് നരേന്ദ്ര മോഡി രംഗത്ത് എത്തുകയും ചെയ്തതോടെ അദ്വാനി തികച്ചും ഒറ്റപ്പെടുകയും ജസ്വന്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയുമായിരുന്നു എന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു.

ചിന്തന്‍ ബൈഠക്കില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ട് ഇതിനായി സിം‌ലയില്‍ എത്തിയ ജസ്വന്തിനെ പക്ഷേ ബെഠക്കില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം ടെലഫോണിലൂടെയാണ് അദ്ദേഹത്തെ അറിയിച്ചത്. ജസ്വന്തിനെതിരെ സ്വീകരിച്ച നിലപാടില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :