അദ്വാനിയ്ക്ക് ശേഷം മോഡിയെന്ന് ഷൂരി

WEBDUNIA|
അഹമ്മദാബാദ്: എല്‍ കെ അദ്വാനിയ്ക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയായിരിക്കണം പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. തന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അടുത്ത പ്രധാനമന്ത്രിയും ഗുജറാത്തില്‍ നിന്നാവണമെന്നാണ് ആഗ്രഹമെന്നും ഷൂരി പറഞ്ഞു.

മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് കൈവരിച്ച അഭൂതപൂര്‍വമായ വികസനം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം തന്നെയാണ് അദ്വാനിയ്ക്ക് ശേഷം പാര്‍ട്ടിയില്‍ പ്രധാനമന്ത്രിവാന്‍ യോഗ്യനായ വ്യക്തി. മറ്റ് സംസ്ഥാനങ്ങള്‍ നിക്ഷേപം സമാഹരിക്കുന്നതിന് ഗുജറാത്തിനെ മാതൃകയാക്കുന്നതു തന്നെ അദ്ദേഹത്തിന്‍റെ വിജയമാണെന്നും ഷൂരി പറഞ്ഞു.

സാമ്പത്തിക ദുഷ്ചെയ്തികള്‍ക്ക് മറയിടാനായി യു പി എ സര്‍ക്കാര്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയെ കുറ്റം പറയുകയാണ്. യു പി എ ഭരണകാലത്ത് ടെക്സ്റ്റൈല്‍ മേഖലയില്‍ മാത്രം 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും ഷൂരി പറഞ്ഞു.

ഇതാദ്യമായാണ് ബി ജെ പിയില്‍ നിന്നുള്ള ഒരു നേതാവ് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഗുജറാത്തില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ വ്യവസായ പ്രമുഖരായ രത്തന്‍ ടാറ്റയും ലക്ഷ്മി മിത്തലും മോഡിയെപ്പോലുള്ള നേതാക്കളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയാവേണ്ടതെന്ന് പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :