ബിജെപി ഒന്നാം സ്ഥാനത്ത് എത്തും: അദ്വാനി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 18 ജൂലൈ 2009 (18:36 IST)
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു എങ്കിലും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ ബിജെപിക്ക് ഒന്നാം സ്ഥാനത്ത് എത്താനാവുമെന്ന് പാര്‍ട്ടി നേതാവ് എല്‍ കെ അദ്വാനി. പട്ടികജാതി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹകസമിതിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്വാനി.

സമൂഹത്തിലെ ചില വിഭാഗങ്ങളെ ചില പാര്‍ട്ടികള്‍ വോട്ട് ബാങ്കായാണ് കാണുന്നത്. എന്നാല്‍, ബിജെപി ഇവരെയെല്ലാം രാഷ്ട്രവികസനത്തില്‍ പങ്കാളികളാക്കുകയാണ് ചെയ്യുന്നത്. വോട്ട് ലഭിക്കുമെങ്കില്‍ കള്ളന്‍‌മാരുടെയും കൊള്ളക്കാരുടെയും സംഘടനകളെ പോലും ഉപയോഗപ്പെടുത്താന്‍ ചില പാര്‍ട്ടികള്‍ മടിക്കില്ല എന്നും ഒരു പാര്‍ട്ടിയുടെയും പേര് പരാമര്‍ശിക്കാതെ അദ്വാനി പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്താതെ വളര്‍ച്ച സാധ്യമല്ല എന്ന് ശ്യാമപ്രസാദ് മുഖര്‍ജി, ദീനദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പേയ് തുടങ്ങിയ നേതാക്കള്‍ നമ്മെ പഠിപ്പിച്ചുണ്ട്. പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങളും ഗ്രാമീണ യുവാക്കളും സ്ത്രീകളും വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുമ്പോഴാണ് യഥാര്‍ത്ഥ വികസനം ഉണ്ടാവുകയെന്നും അദ്വാനി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രാദേശിക പാര്‍ട്ടികളെ കൈവിട്ടു. ബിജെപിയും കോണ്‍ഗ്രസും മാത്രമാണ് 100 ല്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയത്. രാജ്യത്ത് ദ്വികക്ഷി രാഷ്ട്രീയം വരാന്‍ കാരണം ബിജെപിയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പരാജയം സംഭവിച്ചു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ട്. 1984 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ചത് രണ്ട് സീറ്റു മാത്രമാണ്. എന്നാല്‍, 1989 ലെ പൊതു തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം 89 ആയി ഉയര്‍ന്നതും അദ്വാനി പരാമര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :