ജസ്വന്തിന്‍റെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 24 ഏപ്രില്‍ 2009 (13:13 IST)
കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് യാത്രക്കാരെ മോചിപ്പിക്കാന്‍ തീവ്രവാദികളെ വിട്ടുനല്‍കണമെന്ന ആവശ്യത്തെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനി എതിര്‍ത്തിരുന്നുവെന്ന ബി ജെ പി നേതാവ് ജസ്വന്ത് സിംഗിന്‍റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ്. ജസ്വന്തിന്‍റെ പ്രസ്താവന തികച്ചും അവസരവാദപരവും സംശയാസ്പദവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു.

സ്വന്തം മുഖം രക്ഷിക്കാന്‍ വേണ്ടിയും അദ്വാനിയുടെ തെറ്റിന് മറയിടാനും പ്രധാനമന്ത്രിസ്ഥാനത്തേക്ക് അദ്വാനിയുടെ സാധ്യത വര്‍ധിപ്പിക്കാനും വേണ്ടിയാണ് ജസ്വന്ത് ഇത്തരമൊരു പ്രസ്താവന നടത്തിയത്. സംഭവം നടന്ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജസ്വന്ത് വിശദീകരണം നല്‍കുന്നത്. തെരഞ്ഞെടുപ്പിനിടെ ഇത്തരം പ്രസ്താവന നടത്തുന്നത് വിഡ്ഢിത്തമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്ന് യാത്രക്കാരെ മോചിപ്പിക്കാന്‍ തീവ്രവാദികളെ വിട്ടു നല്‍കണമെന്ന ആവശ്യത്തെ വാജ്‌പേയി മന്ത്രിസഭയിലെ രണ്ട് പേര്‍ എതിര്‍ത്തിരുന്നുവെന്ന് ജസ്വന്ത് സിംഗ് കഴിഞ്ഞ ദിവസം ഡാര്‍ജലിംഗില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞിരുന്നു. എല്‍ കെ അദ്വാനിയും അരുണ്‍ ഷൂരിയുമാണ് എതിര്‍ത്ത മന്ത്രിമാരെന്നും ആദ്യമായാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ജസ്വന്ത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :