വിശാഖപട്ടണം|
JOYS JOY|
Last Modified ശനി, 18 ഏപ്രില്‍ 2015 (10:19 IST)
പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് വി എസ് അച്യുതാനന്ദന്‍ ആശംസ നേര്‍ന്നു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമ്മേളന നഗരിയിലേക്ക് പുറപ്പെടാന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് ഇരുവരും പരസ്പരം കണ്ടത്.
ഹോട്ടലില്‍ നിന്ന് ഇറങ്ങിയ വി എസിനോട് പിന്നാലെയെത്തിയ യെച്ചൂരി ‘എന്തൊക്കെയുണ്ട് വി എസ്’ എന്ന് ചോദിക്കുകയായിരുന്നു. ആ സമയത്ത് വി എസ് ‘എല്ലാവിധ വിജയാശംസകളും’ എന്ന് യെച്ചൂരിക്ക് നേര്‍ന്നു. ആദ്യം ഒന്നു പകച്ച യെച്ചൂരി, ‘എന്റെ വിജയം താങ്കളുടെയും വിജയമാണ്’ എന്ന് പ്രതികരിച്ചു.
പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാന്‍ നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരാനിരിക്കെയാണ് യെച്ചൂരിക്ക് വി എസിന്റെ വിജയാശംസ. പാര്‍ട്ടിയുടെ വിജയമാണ് പ്രധാനമെന്നും യെച്ചൂരി പറഞ്ഞു.
ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്ന് യെച്ചൂരിക്ക് ആശംസ നേര്‍ന്നു കൊണ്ട് വി എസ് പറഞ്ഞു. നിലവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേരളത്തില്‍ നിന്നുള്ള നേതാക്കളും പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് എസ് ആര്‍ പിയെ പിന്തുണയ്ക്കുമ്പോഴാണ് യെച്ചൂരിക്ക് പൂര്‍ണ പിന്തുണയുമായി വി എസ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.