ഒരു കോടി രൂപയും ആയുധങ്ങളും മദ്യശേഖരവുമായി ആഭ്യന്തര മന്ത്രി കുടുങ്ങി!
കൊഹിമ|
WEBDUNIA|
PTI
PTI
തന്റെ വാഹനത്തില്‍ ആയുധങ്ങളും മദ്യവും ഒരു കോടിയിലേറെ രൂപയുമായി യാത്ര ചെയ്ത നാഗാലാന്‍ഡ് ആഭ്യന്തര മന്ത്രി ഇംകോങ് എല്‍ ഇംചെന്‍ അറസ്റ്റില്‍. കൊഹിമയില്‍ നിന്ന് കൊറിഡാംഗയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹം അറസ്റ്റിലായത്. മൊക്കോക്ചോങ് ജില്ലയിലെ കൊറിഡാംഗ മണ്ഡലത്തിലെ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍പിഎഫ്) സ്ഥാനാര്‍ഥിയായി ഇംചെന്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്‍.
മൊകോക്ചുങ് ജില്ലയില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഇംചെനാണ്. ആയുധങ്ങള്‍, വെടിയുണ്ടകള്‍, മദ്യം,1.1 കോടി രൂപ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി അസം റൈഫിള്‍സ് വോക്ക ജില്ലയില്‍ വാഹനപരിശോധന നടത്തവേയാണ് മന്ത്രി കുടുങ്ങിയത്. അസം റൈഫിള്‍സ് സംഘം ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എന്‍പിഎഫിന്റെ തന്നെ മറ്റൊരു സ്ഥാനാര്‍ഥി നയ്മിലി ഫോം ഹെലികോപ്ടറില്‍ കടത്തിയ ഒരു കോടി രൂപ ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തിരുന്നു. പണം വാരിയെറിഞ്ഞും മദ്യമൊഴുക്കിയും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ മറ്റൊരുദാഹരണമായിരിക്കുകയാണ് ആഭ്യന്തര മന്ത്രിയുടെ അറസ്റ്റ്.
ഫെബ്രുവരി 23 നാണ് നാഗാലാന്‍ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.